BUSINESS

മലയാളി ഉൽപന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണിയിലേക്ക്, കേരളം – ഫ്ളിപ്കാർട്ട് പദ്ധതി വരുന്നു


കോട്ടയം ∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യുഎസ്, യൂറോപ്യൻ വിപണികളിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാങ്കേതികസഹായം നൽകുന്ന പദ്ധതിയിൽ കേരളവും ഫ്ലിപ്കാർട്ടും പങ്കാളികളാകും. ഫ്ലിപ്കാർട്ടിന്റെ മാതൃകമ്പനിയായ വാൾമാർട്ട് തങ്ങളുടെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായി കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വൃദ്ധി സ്കീമിന്റെ മാതൃകയിലാണ് പദ്ധതി വരുന്നത്. ഇതു സംബന്ധിച്ച നിർദേശം സർക്കാരിന് ഫ്ലിപ്കാർട്ട് കൈമാറി. ചെലവ് പൂർണമായും കമ്പനി വഹിക്കും. യോഗ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തുന്നതിനാണ് സർക്കാർ സഹായം നൽകുക. എംഎസ്എംഇ മേഖലയിലെ സംരംഭങ്ങളുടെ വിറ്റുവരവു വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച വിവിധ മിഷനുകളുടെ ഭാഗമായാകും പ്രവർത്തനം.ബിസിനസ് എങ്ങനെ ഡിജിറ്റൈസ് ചെയ്യാം, ഓൺലൈൻ വിപണി സാധ്യതകൾ, പാക്കിങ്, ബ്രാൻഡിങ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, വിദേശ വിപണി നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിലാകും സൗജന്യ പരിശീലനം. റീജനുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പരിശീലനത്തിനുശേഷം വിദേശ കയറ്റുമതിക്കു യോജിച്ച ഉൽപന്നങ്ങളെ തിരഞ്ഞെടുക്കും. രാജ്യത്തിനകത്തു വിൽക്കേണ്ട ഉൽപന്നങ്ങൾ ആണെങ്കിൽ ഫ്ലിപ്കാർട്ട് മാർക്കറ്റ് പ്ലേസിലൂടെ അതിനു പിന്തുണ നൽകും. ഉൽപന്നങ്ങൾ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യുന്നതിലും ചിത്രങ്ങൾ സൃഷ്ടിക്കുന്നതിലും എഐ സാങ്കേതികവിദ്യയുടെ സഹായവും കിട്ടും. വിദേശ മാർക്കറ്റിന് യോജിച്ച തരത്തിലുള്ളവയോ അങ്ങനെ വികസിപ്പിക്കുകയോ ചെയ്യാവുന്ന ഉൽപന്നങ്ങൾ വാൾമാർട്ടിലൂടെ വിദേശ മാർക്കറ്റുകളിൽ വിറ്റഴിക്കാനുള്ള സഹായം നൽകും.


Travel ⏭️

Back to top button