NEWS

‘പാർട്ടിവിരുദ്ധമല്ല’: ‘കള്ളൻ വിജയൻ’ അനുയോജ്യമായ തലക്കെട്ടെന്ന് ലേഖകൻ; അച്ചടക്ക നടപടിയുണ്ടായേക്കും


തിരുവനന്തപുരം ∙ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ വാരാന്തപ്പതിപ്പു വിവാദത്തിൽ, വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള പത്രാധിപരോടു റസിഡന്റ് എഡിറ്റർ എം.സ്വരാജ് വിശദീകരണം തേടി. വാരാന്തപ്പതിപ്പിലെ ലേഖനത്തിനു ‘കള്ളൻ വിജയൻ’ എന്നു തലക്കെട്ടു നൽകിയതിനെക്കുറിച്ചാണിത്. കള്ളൻ വിജയൻ എന്നറിയപ്പെടുന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് അതു തന്നെയായിരുന്നെന്നും ലേഖകൻ നൽകിയ തലക്കെട്ട് അതേപടി ഉപയോഗിച്ചെന്നുമുള്ള വിശദീകരണമാണു നൽകിയത്. ലേഖനത്തിലോ തലക്കെട്ടിലോ പാർട്ടിവിരുദ്ധമായി ഒന്നുമുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.വിഎസിനെക്കുറിച്ചുള്ള അനുസ്മരണ കവർ സ്റ്റോറി ഉൾപ്പെടുന്ന വാരാന്തപ്പതിപ്പ് ഞായറാഴ്ച പ്രസിദ്ധീകരിക്കാതിരുന്നതു സാങ്കേതികപ്പിഴവാണെന്നാണു സ്വരാജ് മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നത്. പ്രസിൽ അച്ചടിയുമായി ബന്ധപ്പെട്ടുൾപ്പെടെ പ്രശ്നമുണ്ടായെന്നും ന്യായീകരിച്ചിരുന്നു. പുറമേക്കു പറയുന്ന വാദത്തിനു വിരുദ്ധമാണ്, ലേഖനത്തെച്ചൊല്ലി വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനോടു വിശദീകരണം തേടിയ നടപടി. അച്ചടക്ക നടപടിയുമുണ്ടാകുമെന്നാണു വിവരം. ഒരുദിവസം വൈകി ഇന്നലെ വാരാന്തപ്പതിപ്പു പുറത്തിറങ്ങിയത് ഈ ലേഖനം ഒഴിവാക്കിയാണ്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം.സ്വരാജ് വിവാദത്തെക്കുറിച്ചു വിശദീകരിക്കും.


Fashion ⏭️

Back to top button