NEWS

സിക്കിമിൽ തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലും വാതകച്ചോർച്ചയും: 7 മരണം; 27 പേർ കുടുങ്ങിക്കിടക്കുന്നു


ഗുവാഹട്ടി∙ സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ 7 പേർ മരിച്ചു. ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നെന്ന് സൂചന. തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. തീസ്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് മീഥെയ്ൻ വാതകം ചോർന്നുവെന്ന സംശയം രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.‘തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും രണ്ടു തവണ തുരങ്കത്തിനുളളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അപകടകരമായ സാഹചര്യത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വന്നു’–നംചി ജില്ലാ കലക്ടർ അനുപ ടാംലിങ് പറഞ്ഞു. 27 പേർ തുരങ്കത്തിനുള്ളിലുണ്ടെന്നാണ് കണക്കാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇതിൽ 19 പേർ നിർമാണത്തൊഴിലാളികളാണ്. തുരങ്കത്തിന്റെ നിർമാണമേറ്റെടുത്ത കമ്പനിയായ പട്ടേൽ എൻജിനീയറിങ്ങിൽ നിന്നുള്ള മൂന്ന് ജീവനക്കാർ രക്ഷാപ്രവർത്തനത്തിനായി തുരങ്കത്തിനുള്ളിൽ കടന്നെങ്കിലും ഇതിൽ രണ്ടുപേരും ഉള്ളിൽക്കുടുങ്ങി. എൻഎച്ച്പിസിയുടെ 6 ജീവനക്കാരും തുരങ്കത്തിനുള്ളിലുണ്ടെന്നാണ് വിവരം.


Fashion ⏭️

Back to top button