വിവാഹത്തിന് രണ്ടുമാസം മാത്രം ബാക്കി; റഷ്യൻ മിസൈലാക്രമണത്തിൽ അഖിൽ കൊല്ലപ്പെട്ടത് ജോലി മാറാനിരിക്കെ

അഖിൽ ജോയൻ
കാസർകോട്: യുക്രെയിനിലെ ഒഡേസ തീരത്ത് കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ കാസർകോട് സ്വദേശിയുടെ ജീവൻ നഷ്ടമായത് ജോലി മാറാനിരിക്കെ. കാസർകോട്, വെള്ളരിക്കുണ്ട് എ.കെ.ജി നഗറിനുസമീപം പന്നിത്തടത്തിൽ ജോയൻ- സാലി ദമ്പതികളുടെ ഏക മകൻ അഖിൽ ജോയനാണ് (26) കൊല്ലപ്പെട്ട മലയാളി.
19ാം വയസിലാണ് അഖിൽ മർച്ചന്റ് നേവിയിലെത്തുന്നത്. മുംബയ് ആസ്ഥാനമായ ഓഷൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥയിലുള്ള ‘ഗോൾഡൻ ലിയോ’ എന്ന കപ്പലിൽ ആറുവർഷമായി ജോലി ചെയ്യുകയായിരുന്നു. ജോലി മാറാനുള്ള ശ്രമത്തിലായിരുന്നു അഖിലെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. ഇലക്ട്രിക്കൽ കട നടത്തുന്ന ജോയന്റെയും ഇൻഷുറൻസ് ഏജന്റായ സാലിയുടെയും ഏക അത്താണിയായിരുന്നു അഖിൽ. അടുത്തിടെയാണ് കുടുംബം സ്വന്തമായി വീട് പണിതതെന്നും ബന്ധുക്കൾ പറഞ്ഞു.
വിവാഹ നിശ്ചയത്തിനായി മൂന്ന് മാസം മുൻപായിരുന്നു അഖിൽ നാട്ടിലെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് വധു. രണ്ടുമാസത്തിനുശേഷമാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയച്ചടങ്ങുകൾക്കുശേഷം പിറ്റേമാസംതന്നെ അഖിൽ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയിരുന്നു. അഖിൽ വടംവലിയിൽ ലോക റെക്കാഡ് നേടിയിട്ടുണ്ട്. 2023ലാണ് റെക്കാഡ് ലഭിച്ചത്. സ്കൂൾ പഠനകാലം മുതൽ മികച്ച വടംവലി താരമായിരുന്നു.
റഷ്യൻ മിസൈലാക്രമണത്തിൽ മലയാളിയുൾപ്പെടെ നാല് ഇന്ത്യക്കാരടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. ഗുർപ്രീത് സിംഗ് ഭട്ട്, ജഗൻ സിംഗ്, അഭിഷേക് നിഷാദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാർ. സിറിയൻ പൗരന്മാരും യുക്രെയിൻ സ്വദേശിയുമാണ് മരിച്ച മറ്റുള്ളവർ. ഇന്ത്യക്കാരനായ സെബാസ്റ്റ്യൻ ബ്ളെസനുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. 18 പേരാണ് കപ്പലിലുണ്ടായിരുന്നത്.
English Summary
Akhil Joyan, 26, from Kasaragod, Kerala, was killed in a Russian missile attack on a cargo ship in the Black Sea off Odesa, Ukraine. He was one of ten casualties, including four Indians, aboard the ‘Golden Leo’ vessel. The attack also left eight people injured, including another Indian citizen.
RELATED TOPICS: RUSSIAN MISSILE ATTACK, ODESA BLACK SEA, KASARAGOD NEWS, AKHIL JOYAN, ODESA SHIP ATTACK
Read News ⏭️


