NEWS
വായിൽ തുണി തിരുകി കെട്ടിയിട്ടു, സ്ക്രൂ ഡ്രൈവറും കട്ടിങ് പ്ലെയറും ഉപയോഗിച്ച് ഉപദ്രവിച്ചു; വിവാഹാലോചന നിരസിച്ചതിന് ക്രൂര മർദനം

വർക്കല ∙ വായിൽ തുണി തിരുകി ചങ്ങലയും താഴും ഉപയോഗിച്ച് തൂണിൽ കെട്ടിയിട്ടു, ഹെൽമറ്റ് കൊണ്ട് തലയിൽ ആഞ്ഞടിച്ചു, മുറിയിലൂടെ വലിച്ചിഴച്ചു – മകളെ വിവാഹം ചെയ്തുനൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ അഞ്ചംഗ സംഘം ബന്ദിയാക്കിയ ഗൃഹനാഥൻ നേരിട്ടത് ക്രൂര പീഡനങ്ങൾ. ആക്രമണങ്ങളിൽ സാരമായി പരുക്കേറ്റ വടശ്ശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ 3 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് താൻ നേരിട്ട കൊടിയ മർദനങ്ങളെക്കുറിച്ച് വിവരിച്ചത്. അനിലിന്റെ വലതുകയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിലാണ് ഇക്കഴിഞ്ഞ 16ന് രാവിലെ 11 മുതൽ രാത്രി 8 വരെ അനിൽകുമാറിനെ കെട്ടിയിട്ട് മർദിച്ചത്. അനിലിന്റെ മകൻ അച്ചുവിനും ക്രൂരമർദനമേറ്റിരുന്നു. കേസിലെ 5 പ്രതികളെയും ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല. മുഖ്യപ്രതി മതിര തെറ്റിമുക്ക് സ്വദേശി സുധീഷിന് അനിൽകുമാറിന്റെ മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു മർദനം. പ്രതികൾക്കായി കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.പ്രതിയെ പുറത്തു നിർത്തി വീടിനകത്തേക്കു കയറിയ അച്ചു, അമ്മ സ്വപ്നയെ കാര്യങ്ങളറിയിച്ചു. അവർ ഉടനെ ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഫോണിൽ വിളിച്ചു. പ്രസിഡന്റ് വർക്കല പൊലീസ് വിവരമറിയിച്ചതോടെയാണ് അനിൽകുമാറിനെ മോചിപ്പിക്കാനായത്. സംഭവശേഷം ഭീതിയോടെയാണ് കഴിയുന്നതെന്നും മകനെയും മകളെയും വേണ്ടി വന്നാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും അനിൽ പറയുന്നു. ബന്ദിയാക്കിയ സമയത്ത് ഏറ്റവും ക്രൂരമായി മർദിച്ചത് പ്രതികളിലൊരാളായ ലാൽ കൃഷ്ണയാണെന്ന് അനിൽകുമാർ വ്യക്തമാക്കി.
Fashion ⏭️


