LIFESTYLE

ഇത് മരണക്കെണി : കോടികൾ വിലമതിക്കുന്ന ഫ്ലാറ്റിന്റെ മേൽക്കൂര തകർന്നുവീണു: ഈ അബദ്ധം പറ്റാതെ ശ്രദ്ധിക്കാം


വൻകിട നഗരങ്ങളിൽ സ്വതന്ത്രമായ വീടുകളേക്കാൾ അപ്പാർട്ട്മെന്റുകൾക്കാണ് ഡിമാൻഡ് ഏറെയും. അതിനനുസരിച്ച് ഡെവലപ്പർമാർ രാജ്യത്തിൻ്റെ സുപ്രധാന മേഖലകളിലെല്ലാം പുതിയ ഭവന പദ്ധതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൂണുപോലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ ഉയരുന്നതിനിടെ ഇവയൊക്കെ എത്രത്തോളം നിർമാണ ഗുണനിലവാരം പുലർത്തുന്നുണ്ട് എന്നത് ആശങ്കയുളവാക്കുന്നുണ്ട്. നോയിഡയിൽ കഴിഞ്ഞദിവസം ഒരു അപ്പാർട്ട്മെന്റിന്റെ സീലിങ് അപ്പാടെ പൊളിഞ്ഞു താഴെ വീണ സംഭവം ഇതിനുദാഹരണമാണ്.സെക്ടർ 75ൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പാർട്ട്മെന്റിന്റെ സീലിങ്ങാണ് പൊളിഞ്ഞു വീണത്. ഇവിടുത്തെ താമസക്കാർ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടു പിന്നാലെ അപകടം സംഭവിച്ചതിനാൽ പരിക്കുകൾ ഒഴിവായി. സീലിങ്ങിൻ്റെ വലിയൊരു ഭാഗം പൊതിഞ്ഞു നിന്ന പ്ലാസ്റ്ററിങ് ഒറ്റയടിക്ക് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. മുറിയിൽ ഉണ്ടായിരുന്ന കിടക്കയിൽ സീലിങ് പ്ലാസ്റ്ററും കോൺക്രീറ്റും പൊടിപടലങ്ങളും കുമിഞ്ഞുകൂടി കിടക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം ഈ അപാർട്മെന്റ്  ഉടമ വാടകയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നതാണ്. സൊസൈറ്റിയിലെ അപ്പാർട്ട്മെന്റുകളുടെ വില 70 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ്. സംഭവം വാടകക്കാർ ഉടമയെ അറിയിച്ചതോടെ അദ്ദേഹം ബിൽഡർമാരുമായി ബന്ധപ്പെട്ടു. അപ്പാർട്ട്മെന്റിന്റെ കേടുപാടുകൾ പരിഹരിക്കാമെന്ന് ബിൽഡർമാർ ഉറപ്പുനൽകുകയും സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ സംഭവത്തിൽ രോഷാകുലരായ മറ്റു താമസക്കാർ ബിൽഡർമാരെ അതിന് അനുവദിക്കാതെ പ്രതിഷേധിക്കുകയായിരുന്നു. മുഴുവൻ കോംപ്ലക്സിന്റെയും അവസ്ഥ പരിശോധിക്കണം എന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.കെട്ടിട നിർമാണത്തിന്റെയും അതിനുപയോഗിച്ചിരിക്കുന്ന സാമഗ്രികളുടെയും ഗുണനിലവാരം വിശദമായി പരിശോധിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സീലിങ് പൊളിഞ്ഞുവീണതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊതുജനങ്ങളും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. കെട്ടിടം അപ്പാടെ പൊളിച്ചു കളഞ്ഞ ശേഷം ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുകയാണ് ചെയ്യേണ്ടത് എന്ന് ഒരാൾ കുറിക്കുന്നു. ഇത്തരം ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിർമാണം പൂർത്തിയാകുന്നത് വരെ ഉടമസ്ഥർക്ക് പ്രവേശനമില്ലാത്തതിനാൽ നേരിട്ട് ഗുണനിലവാരം ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഭവന വിപണിയിലെ ഡിമാൻഡ് മുതലെടുത്ത് തട്ടിക്കൂട്ടി കെട്ടിടങ്ങൾ നിർമിക്കുന്ന പ്രവണത നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇതെന്നും കമന്റുകളുണ്ട്.


Cinema ⏭️

Back to top button