NEWS

കൊലക്കത്തിയുടെ പിടിയിൽ നിർണായക തെളിവ്; ആ വഴിയിൽ ഇപ്പോഴും പതിയിരിക്കുന്നു, ഭയം


നെന്മാറ ∙ ബോയൻ ഉന്നതി തിരുത്തംപാടം പാടശേഖരത്തിലേക്കുള്ള വഴിയിലെ അവസാനത്തെ നാലു വീടുകൾ കാടുപിടിച്ചു കിടക്കുകയാണ്. പാടത്തിനരികിൽ, സുധാകരനും കുടുംബവും താമസിച്ചിരുന്ന വീടും സുധാകരന്റെ അമ്മ ലക്ഷ്മിയുടെ വീടും ഉള്ള പുരയിടമാണ്. എതിർവശത്തായി വഴിയുടെ ഒരു വശത്താണ് ഇവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയുടെ വീട്. സമീപത്തായി, ചെന്താമരയെ പേടിച്ചു നാടുവിട്ട പുഷ്പയുടെ വീടും അടഞ്ഞുകിടക്കുകയാണ്.ഇരട്ടക്കൊലപാതകത്തിനു മൂകസാക്ഷിയാണ് ഈ വഴി. ഈ പ്രദേശത്ത് എത്തുമ്പോൾ ഇന്നും മനസ്സിൽ ഭീതി നിറയും. ചെന്താമരയുടെ വീടിന്റെ പ്രധാന വാതിൽ തകർന്നു കിടക്കുകയാണ്. അകത്തെ മുറിയിൽ അലമാര തീയിട്ടു നശിപ്പിച്ച നിലയിലാണ്. പിന്നിലെ വാതിലും തുറന്നുകിടക്കുകയാണ്. ചെന്താമര തിരികെ വരും എന്നു കരുതി തമിഴ്നാട്ടിലേക്കു താമസം മാറ്റിയ അയൽവാസി പുഷ്പയും മകളും അമ്മ വസന്തയും ശിക്ഷ നടപ്പാക്കിയാൽ തിരികെ വരുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ. വീട്ടിൽ ഒറ്റയ്ക്കു കഴിയാൻ ഭയമായതിനാൽ പുഷ്പയുടെ സഹോദരൻ ഇവിടെ വരാറില്ലെന്നും നാട്ടുകാർ പറഞ്ഞു. ‘‘വധശിക്ഷ വിധിച്ചതു നല്ല കാര്യം. പക്ഷേ, ശിക്ഷ നടപ്പാക്കണം. അല്ലാത്തിടത്തോളം സമാധാനമായി നാട്ടിൽ കഴിയാനാകില്ല’’, നാട്ടുകാരിയായ ഒരു സ്ത്രീ പറഞ്ഞു.


Fashion ⏭️

Back to top button