മഞ്ഞുരുക്കാൻ മുഖ്യമന്ത്രിയെ കണ്ട് കെ.എസ്.യു നേതാക്കൾ

ആവശ്യം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്ളീഡർ നിയമനവും പൊതുചടങ്ങിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രി മുഖം കൊടുക്കാതിരുന്നതും വിവാദമായതോടെ,
കെ.എസ്.യു നേതാക്കൾ മുഖ്യമന്ത്രി വി.ഡി.സതീശനെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ നേരിട്ടുകണ്ടു. പ്ളീഡർ നിയമനം പുനഃപരിശോധിക്കണമെന്ന കെ.എസ്.യുവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ തങ്ങളെ അനുഭാവപൂർവം കേട്ടെന്നും പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.യുവിന് മുമ്പൊരു കാലത്തും കിട്ടാത്ത പരിഗണന ഇപ്പോൾ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് സർക്കാർ തീരുമാനങ്ങളിൽ ഇടപെടരുതെന്നും മുഖ്യമന്ത്രി കർക്കശ നിലപാടാണ് എടുത്തത്. എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചു. ഞങ്ങൾ കൂടി പത്ത് വർഷം സമരം ചെയ്തും ചോരയും നീരും നൽകിയും വിജയിപ്പിച്ച സർക്കാരാണ് സംസ്ഥാനത്തുള്ളത്. കെ.എസ്.യു സർക്കാരിന് എതിരെന്ന ടാഗ് ലൈൻ വേണ്ട. ജിയോണ ലോ കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐക്കാരിയായിരുന്നു. പിന്നീട് പലപ്പോഴും ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, അല്ലെന്ന് പറയേണ്ടതില്ലല്ലോ എന്നായിരുന്നു മറുപടി. മറ്റുനേതാക്കളായ എം.ജെ.യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ഗോപുനെയ്യാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.


