NEWS
ബസിൽ ടിക്കറ്റ് വേണ്ട; മന്തി ഫ്രീ: കപ്പടിച്ച് സ്പെയിൻ, കോളടിച്ച് കണ്ണൂർ

കണ്ണൂർ ∙ ലോകകപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു ചൊവ്വാഴ്ച സൗജന്യ യാത്ര പ്രഖ്യാപിച്ച് കണ്ണൂരിലെ സ്വകാര്യ ബസുകൾ. ഗീതാഞ്ജലി, ഹരിശ്രീ കിസ്മത്ത്, കസർമുല്ല എന്നീ ബസുകളാണ് വിദ്യാർഥികൾക്കു സൗജന്യ യാത്ര നൽകുന്നത്. തൃക്കടാരിപൊയിൽ– തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഹരിശ്രീ. സ്പെയിൻ ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്ന് ഹരിശ്രീ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൂത്തുപറമ്പ്– മട്ടന്നൂർ– കൂളിക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഗീതാഞ്ജലി. ഏത് ടീം ജയിച്ചാലും ചൊവ്വാഴ്ച വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്നാണ് ബസ് അധികൃതർ അറിയിച്ചത്.കണ്ണൂർ– കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് കസർമുല്ല. 9 ബസുകളാണ് കസർമുല്ലയ്ക്കുള്ളത്. ഇതിൽ ഒരു ബസ് മാത്രം റോസ് നിറത്തിലാണ്. സ്പെയിൻ ജയിച്ചാൽ റോസ് നിറത്തിലുള്ള ബസിലും അർജന്റീനയാണ് ജയിക്കുന്നതെങ്കിൽ സ്കൂൾ കുട്ടികൾ പോകുന്ന സമയത്ത് സർവീസ് നടത്തുന്ന നീല നിറത്തിലുള്ള ബസിലുമാണ് സൗജന്യ യാത്ര നൽകുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാരാണ് ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ടു വച്ചതെന്നും അതിനെ പിന്തുണയ്ക്കുകയായിരുന്നെന്നും മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് ഷെഫീഖ് പറഞ്ഞു. നാളെ റോസ് നിറത്തിലുള്ള ബസിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യാത്ര നൽകുമെന്നും ഷെഫീഖ് പറഞ്ഞു.
Fashion ⏭️


