NEWS
‘ജോലി ചെയ്യാനാവുന്നില്ല; പകുതി ശമ്പളം മതി, അല്ലെങ്കിൽ സ്ഥലംമാറ്റം’: കത്തുമായി ഐഎഎസ് ഉദ്യോഗസ്ഥൻ

ലക്നൗ∙ രാഷ്ട്രീയ ഇടപെടൽ കാരണം ജോലി ചെയ്യാനാവുന്നില്ലെന്നാരോപിച്ച് മേലധികാരികൾക്ക് കത്തെഴുതി ഉത്തർപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥൻ. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ റിങ്കു സിങ് റാഹിയാണ് ചുമതല നിർവഹിക്കാൻ കഴിയുന്ന ഇടത്തേക്ക് സ്ഥാനമാറ്റം ആവശ്യപ്പെട്ട് സംസ്ഥാന അപ്പോയിൻമെന്റ് ആൻഡ് പഴ്സനൽ വിഭാഗത്തിന് കത്തെഴുതിയത്. ജോലി ചെയ്യാനാകാത്തതിനാൽ ശമ്പളം പകുതിയാക്കുകയോ സ്ഥലം മാറ്റം നൽകുകയോ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. 5 പേജുകളുള്ള കത്താണ് റാഹി നൽകിയത്. നിലവിൽ സബ് ഡിവിഷനൽ മജിസ്ട്രേട്ട് (ജുഡീഷ്യൽ) ആയാണ് (എസ്ഡിഎം) റാഹി ജോലി ചെയ്യുന്നത്. ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി സ്വതന്ത്ര ദേവ് സിങ്, ബിജെപി എംഎൽഎ ഗൗരി ശങ്കർ വർമ എന്നിവർ ഭരണകാര്യങ്ങളിൽ ഇടപെടുന്നു എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. റാഹിയുടെ ആരോപണപ്രകാരം, ജലൗണിൽ എസ്ഡിഎം ആയി ജോലി ചെയ്യുമ്പോൾ എംഎൽഎ ഗൗരി ശങ്കർ വർമയുടെ അനധികൃത ഭൂമി കയ്യേറ്റം സംബന്ധിച്ച കേസിൽ നടപടി എടുക്കരുതെന്ന് ജില്ലാ മജിസ്ട്രേട്ട് നിർദേശം നൽകി. കൂടാതെ മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിന്റെ പേരിലുള്ള ഭൂമി കയ്യേറ്റ കേസിലും നടപടിയെടുക്കാൻ അനുവദിച്ചില്ലെന്നും റാഹി പറയുന്നു. തനിക്ക് ജലൗണിലെ മറ്റൊരു സ്ഥലത്തേക്കോ അല്ലെങ്കിൽ നിയമപ്രകാരം ജോലി ചെയ്യാൻ കഴിയുന്ന മറ്റൊരു ജില്ലയിലേക്കോ സ്ഥലംമാറ്റം നൽകണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന. ഉത്തർപ്രദേശിൽ ഇത്തരത്തിലൊരു നിയമനം സാധ്യമല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനായി പരിഗണിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
Fashion ⏭️


