TRAVEL

ഭർത്താവ് മരണപ്പെട്ടവർക്ക് മുന്നിലുള്ള മൂന്നാമത്തെ വഴി, വൃന്ദാവനിലെ വിധവകൾ ആ വഴി തിരഞ്ഞെടുത്തവരാണ്


‘വിധവകളുടെ നഗരം’ അഥവാ ‘City of widows’ എന്നാണ് ഉത്തർ പ്രദേശിലെ വൃന്ദാവൻ അറിയപ്പെടുന്നത്. വയോധികരായ ആയിരക്കണക്കിന് വിധവകളാണ് ഈ നഗരത്തിലെ പല ആശ്രമങ്ങളിലായി കഴിയുന്നത്. പണ്ടൊക്കെ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് മൂന്ന് വഴികളാണ് മുന്നിലുണ്ടായിരുന്നത്- ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിക്കുക, ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹൂതി ചെയ്യുക, ലൗകികജീവിതം പരിപൂർണമായി പരിത്യജിച്ച് വെള്ളവസ്ത്രമുടുത്ത്, തലമുണ്ഡനം ചെയ്ത് ശിഷ്ടകാലം ജീവിക്കുക. ഇതിൽ മൂന്നാമത്തെ വഴി തിരഞ്ഞെടുത്തവരുടെ കാര്യം സത്യത്തിൽ കഷ്ടമാണ്. ഇവർക്ക് പിന്നീട് ഒരു മംഗളകർമ്മങ്ങളിലും പങ്കെടുക്കാൻ സാധിക്കില്ല, കണ്ണെഴുതാൻ പാടില്ല, ഈശ്വരനാമമല്ലാത്ത പാട്ടുകളോ കവിതകളോ ഒന്നും കേൾക്കാനോ പാടാനോ പറ്റില്ല. എന്തിനധികം പറയുന്നു, ഒന്നുറക്കെ ചിരിക്കാൻപോലും അനുവാദമില്ല. പൊതുസമൂഹത്തിൽ ജീവിക്കുന്നതിലും ഭേദം ആരുമറിയാത്ത ഏതെങ്കിലും സ്ഥലത്തെ തീർഥാടനകേന്ദ്രങ്ങളിൽ ജീവിക്കുന്നതാണെന്ന് കരുതി പലരും വാരാണസിയിലും വൃന്ദാവനിലുമൊക്കെ എത്തിപ്പെട്ടു. ചിലരാകട്ടെ മക്കൾക്കും കൊച്ചുമക്കൾക്കും കുടുംബത്തിനും വേണ്ടി ഒരായുഷ്‌കാലം മുഴുവൻ നീക്കി വെച്ച ശേഷം അവരാൽ തന്നെ ഇവിടെ നടതള്ളപ്പെട്ടവർ ആണ്. ഇതൊന്നും കൂടാതെ ഹൃദയം നുറുക്കുന്ന മറ്റൊരു കൂട്ടരുണ്ട്. നന്നേ ചെറുപ്പത്തിൽ വിധവയായവർ. ഇവരുടെ പൂർവജന്മപാപം കൊണ്ടാണ് വൈധവ്യം ഇത്രയും നേരത്തെ അനുഭവിക്കേണ്ടി വന്നതെന്നും പരിഹാരമായി ശിഷ്ടകാലം മുഴുവൻ ഈശ്വരചിന്തയിൽ കഴിയണം എന്നും പറഞ്ഞ് ഇവിടെ കൊണ്ടുവന്നു വിടും. വാരാണസിയെക്കാളും എന്തുകൊണ്ടോ വിധവകളുടെ എണ്ണം വളരെ കൂടുതലാണ് വൃന്ദാവനിൽ. വർഷങ്ങൾക്കു മുൻപ് ഒരു ഡോക്യൂമെന്ററി കണ്ട കാലം തൊട്ടേ വൃന്ദാവനും ജീവിതങ്ങളും മനസ്സിൽ കയറിക്കൂടിയതാണ്. അതുകൊണ്ട് വൃന്ദാവനിൽ എത്തിയതും ഇവരെത്തേടിയാണ് ആദ്യമിറങ്ങിയത്.ആ അന്വേഷണം എത്തിച്ചേർന്നത് ‘മൈത്രി’ എന്ന സന്നദ്ധസംഘടനയിലാണ്. ‘പലരുടെയും വിചാരം വൃന്ദാവനത്തിൽ ഈ സ്ത്രീകളൊക്കെ സുഖമായി ജീവിക്കുകയാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല. പലരെയും പിന്നീട് ബന്ധുക്കൾ ഒന്നു തിരിഞ്ഞുപോലും നോക്കില്ല. ഞങ്ങളുടെ കൂടെ താമസമാകുന്നതിനു മുൻപ് ഭിക്ഷയാചിച്ചാണ് പല അമ്മമാരും ജീവിച്ചിരുന്നത്.’ മൈത്രിയിൽ വോളണ്ടീയർ ആയ പ്രഭാകർജി പറഞ്ഞു.’എനിക്കവരെ കാണാൻ സാധിക്കുമോ?’ നീരസം തോന്നുമോ എന്ന ഭയത്തോടെ ഞാൻ ചോദിച്ചു.’അതിനെന്താ! അവർക്ക് അതൊക്കെ വലിയ സന്തോഷമാണ്. സന്ദർശകരായിട്ട് ആരെയെങ്കിലും കിട്ടിയാൽ പിന്നേ അമ്മമാർ വിടില്ല. വിശേഷം പറഞ്ഞോണ്ടിരിക്കും.’ പ്രഭാകർജിയുടെ പിന്നാലെ ഞാൻ ഇടനാഴിയിലൂടെ നടന്നു. വലതുവശത്തെ ആദ്യത്തെ മുറിയിൽ കയറി. സ്വെറ്ററും കമ്പിളിതൊപ്പിയുമൊക്കെ വെച്ച ഒരമ്മ കട്ടിലിൽ ചമ്രംപടിഞ്ഞിരിക്കുന്നു. നെറ്റിയിൽ വലിയൊരു ഗോപിക്കുറിയുണ്ട്. ചുളിവുകൾ വീണ മെലിഞ്ഞ ശരീരം. പല്ലില്ലാത്ത മോണ കാട്ടി അവർ ഹൃദയമായി എന്നെനോക്കി ചിരിച്ചു.’ഇതാണ് കൗസല്യാദേവി. ഇവിടെ താമസിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളും ഏറ്റവും ചെറിയ പ്രായത്തിൽ വിധവയായതും ഇവരാണ്.’ അദ്ദേഹം പറഞ്ഞു.ഞാൻ ഒന്നും മിണ്ടാതെ ആ കണ്ണുകളിലേക്ക് കുറേ നേരം നോക്കി നിന്നു. ആഴമേറിയ, ദുഃഖങ്ങൾ പേറുന്ന ആ കണ്ണുകൾ സന്തോഷമറിഞ്ഞിട്ടുണ്ടാകുമോ? ‘അമ്മക്ക് എത്ര വയസ്സുണ്ട്?’ ഹിന്ദിയിൽ ഞാൻ ചോദിച്ചു. ചിരിച്ചു കൊണ്ട് എന്നെ നോക്കിയതല്ലാതെ മറുപടിയൊന്നും കിട്ടിയില്ല. ‘അവർ വർഷങ്ങളായി സംസാരിക്കാറില്ല. ഇവിടെ വന്നിട്ട് ഏകദേശം ഇരുപത് വർഷമായി. പെട്ടെന്നൊരു ദിവസം സംസാരം നിർത്തി. തൊണ്ണൂറ്റി രണ്ട് കഴിഞ്ഞു പ്രായം. പതിമൂന്നാമത്തെ വയസ്സിൽ വിധവ ആയതാണ് അമ്മ.’ ജരാനരകൾ ബാധിച്ച, കവിളെല്ലുകൾ തള്ളിനിൽക്കുന്ന, കുഴിഞ്ഞ കണ്ണുകളുള്ള മുഖമല്ല ആ നിമിഷം ഞാൻ കണ്ടത്. ധാരാളം സ്വപ്നങ്ങൾ കാണുന്ന, പലവർണങ്ങൾ പേറുന്ന പാവാടയണിഞ്ഞ, പാദസരമിട്ട, കുപ്പിവളകൾ കിലുക്കുന്ന ഒരു പതിമൂന്നുകാരി എന്റെ മുന്നിൽ തെളിഞ്ഞു നിന്നു. പതിമൂന്നുവയസ്സുള്ള ഒരു കൊച്ചുകുഞ്ഞ് കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും വൈധവ്യത്തിന്റെ ഭാരവും പേറി എന്നു പറയുമ്പോൾ… ചിന്തിക്കാൻ സാധിക്കുന്നില്ല! എന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യജന്മം ജീവിതത്തിന്റെ യാതൊരു മാധുര്യവുമറിഞ്ഞിട്ടില്ല. ആയുസ്സിന്റെ സിംഹഭാഗവും അനാഥത്വത്തിൽ കഴിഞ്ഞ അവർക്ക് ഒരു ദിവസം വാക്കുകൾ പൊള്ളയായും സംഭാഷണങ്ങൾ നിരർഥമായും തോന്നിയിട്ടുണ്ടാകാം. കണ്ണുനിറഞ്ഞു തുടങ്ങുമോ എന്ന ഭയം തോന്നിത്തുടങ്ങിയപ്പോൾ ഞാൻ തുറന്ന ജനാലകൾ കൊണ്ടൊന്നും മായ്ക്കാനാകാത്ത ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്നിറങ്ങി.


Sports ⏭️

Back to top button