NEWS

ഇന്ത്യയെ കോടതി കയറ്റാൻ നോക്കിയ പാക്കിസ്ഥാൻ സ്വയം പരിഹാസ്യരായി; ഇന്ത്യയുടെ ‘ഫീസും’ കെട്ടിവച്ച് തടിയൂരി, വാദം തുലാസിൽ


തർക്ക വിഷയത്തിൽ ഇന്ത്യയെ രാജ്യാന്തര കോടതിയിൽ കയറ്റാൻ ശ്രമിച്ച പാക്കിസ്ഥാൻ ‘സ്വയം കുഴിച്ച കുഴിയിൽ’ വീണു. ഒടുവിൽ സ്വന്തം ചെലവും ഇന്ത്യയുടെ ചെലവും കെട്ടിവച്ച് തടിയൂരേണ്ടിയും വന്നു. ചെലവായത് കോടികൾ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല വിതരണക്കരാറിൽ (ഇൻഡസ് വാട്ടർ ട്രീറ്റി) നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ‘വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല’ എന്നാണ് ഇക്കാര്യം പ്രഖ്യാപിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സൈനിക ആക്രമണത്തേക്കാൾ കടുത്ത ഷോക്കായി പാക്കിസ്ഥാന് ഇതു മാറി. ഇന്ത്യയുടെ നടപടി കൃഷിയെയും സമ്പദ്‍വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചതോടെ പാക്കിസ്ഥാൻ ഈ വിഷയം രാജ്യാന്തര വേദികളിൽ ഉന്നയിച്ച് തുടങ്ങിയിരുന്നു. പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര കോടതിയായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനെ (പിസിഎ) പാക്കിസ്ഥാൻ സമീപിച്ചത്. 3 ലക്ഷം ഡോളറാണ് വാദത്തിനെത്തുന്ന രാജ്യം ഒടുക്കേണ്ടത്. പാക്കിസ്ഥാനും ഇന്ത്യയും 3 ലക്ഷം ഡോളർ വീതം. ഇന്ത്യയുടെ ചെലവും പാക്കിസ്ഥാൻ തന്നെയാണ് അടയ്ക്കുന്നത്. മൊത്തം 6 ലക്ഷം ഡോളർ. ഏതാണ്ട് 5.7 കോടി രൂപ. നിത്യച്ചെലവിന് പണമില്ലാതെ ഞെരുക്കത്തിലായ പാക്കിസ്ഥാൻ സർക്കാർ ഇപ്പോൾ, രാജ്യാന്തര നാണയ നിധിയിൽ (ഐഎംഎഫ്) നിന്നുൾപ്പെടെയുള്ള വായ്പാപ്പാക്കേജിന്റെ ബലത്തിലാണ് പിടിച്ചുനിൽക്കുന്നത്. ഇറാൻ-യുഎസ് യുദ്ധവും ഹോർമുസ് പ്രതിസന്ധിയും പാക്കിസ്ഥാനെ കൂടുതൽ ഉലച്ചുകഴിഞ്ഞു. ഇതിനിടെയാണ് ഇന്ത്യയുടെ കൂടി ഫീസ് സ്വയം അടച്ച് പാക്കിസ്ഥാൻ കോടതി കയറിയിറങ്ങുന്നത്.


Fashion ⏭️

Back to top button