NEWS

പ്രതികളെ പിന്തുടർന്ന പൊലീസുകാരെ ജീപ്പിടിച്ച് കൊല്ലാൻ ശ്രമം

 എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്  പ്രതികളിൽ ഒരാൾ പിടിയിൽ

നെയ്യാറ്റിൻകര: സ്വർണപ്പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ ഥാർ ജീപ്പിടിച്ച് കൊല്ലാൻ ശ്രമം. എസ്.ഐയ്‌ക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റുചെയ്‌തു.
നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ഐ അക്ഷയ്‌ കുമാർ,സി.പി.ഒമാരായ നിതിൻ,ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും നെയ്യാറ്റിൻകര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ അംബേദ്കർ നഗറിന് സമീപം ഇന്നലെ ഉച്ചയ്‌ക്ക് മൂന്നോടെയായിരുന്നു സംഭവം. പ്രതികൾ നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതുസംബന്ധിച്ച വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐയുടെ നേതൃത്വത്തിൽ ബൈക്കിലും സ്‌കൂട്ടറിലുമായി പിന്തുടർന്നപ്പോഴാണ് പ്രതികൾ ജീപ്പുകൊണ്ട് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പൊലീസുകാർ തെറിച്ചുവീഴുകയായിരുന്നു.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി സനോജിനെ ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തത്. ഇയാൾ നിരവധി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പണയ സ്വർണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്‌ത് സ്വർണം കൈവശമാക്കിയ ശേഷം മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയായ നേമം സ്വദേശിയും നെയ്യാറ്റിൻകര നടരാജ് ഫിനാൻസ് ഉടമയുമായ ശ്രീജിത്തിനെ (32) നേരത്തേ പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തിൽപ്പെട്ടയാളാണ് സനോജ്.

പണയസ്വർണം വിറ്റശേഷം ഒളിവിൽ പോകുന്നതാണ് സംഘത്തിന്റെ രീതി. ശ്രീജിത്തിന്റെ പേരിൽ നെയ്യാറ്റിൻകര സ്റ്റേഷനിൽ 4 കേസുകളുണ്ട്. ഡാൻസാഫ് സംഘവും നെയ്യാറ്റിൻകര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശ്രീജിത്തിനെ പിടികൂടിയത്. സനോജിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

Read News ⏭️

Back to top button