NEWS

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കണം,​ സർക്കാരിനോട് നഗരസഭാ അദ്ധ്യക്ഷ

പ്രതീകാത്മക ചിത്രം

കോട്ടയം : ‌ഞായറാഴ്ച അർദ്ധരാത്രി ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനൽ മത്സരം നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു. സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർത്ഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം കായികമത്സരങ്ങളോടുള്ള കുട്ടികളുടെ താത്പര്യവും പങ്കാളിത്തവും വർദ്ധിപ്പിക്കാൻ ഇത്തരമൊരു തീരുമാനം സഹായകമാകുമെന്ന് ദിയ ബിനു പറഞ്ഞു. ലഹരിക്കും മയക്കുമരുന്നിനും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിനുമെതിരായ ബോധവത്കരണത്തിന് കായികരംഗം ശക്തമായ പ്രതിവിധിയാകാമെന്നും അവർ ചൂണ്ടിക്കാട്ടി. ലഹരി,​ മയക്കുമരുന്ന്,​ സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കായിക പ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ദിയ ബിനു വ്യക്തമാക്കി.

ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ അച്ചടക്കം,​ മാനസികാരോഗ്യം,​ കൂട്ടായ്മ ,​ നേതൃഗുണം,​ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ കായികരംഗം സഹായിക്കുന്നുവെന്നും ദിയ ബിനു പറഞ്ഞു. അതിനാൽ കുട്ടികളിൽ കായികരംഗത്തോടുള്ള താത്പര്യം വളർത്തിയെടുക്കാൻ ലോകകപ്പ് ഫുട്ബാൾ പോലുള്ള ആഗോള കായികമേളകൾ മികച്ച അവസരമാണന്നും അവർ അഭിപ്രായപ്പെട്ടു.

Read News ⏭️

Back to top button