CINEMA

മൗനിയുമായി പ്രണയം? ഡേറ്റിംഗ് അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി നടൻ അർജുൻ  ബിജ്‌ലാനി


അർജുൻ ബിജ്‌ലാനി, മൗനി റോയ്

ബോളിവുഡ്‌ നടി മൗനി റോയിയുമായുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടൻ അർജുൻ ബിജ്‌ലാനി. ഡിന്നറിന് ശേഷം ഇരുവരും ഒന്നിച്ചുമടങ്ങുന്നതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കെതിരെയായിരുന്നു അർജുന്റെ പ്രതികരണം. 15 വർഷത്തിലേറെയായി തുടരുന്ന സൗഹൃദത്തെ ഒരു ഗോസിപ്പ് പേജിന്റെ തലക്കെട്ടിനുവേണ്ടി പ്രണയബന്ധമായി ചിത്രീകരിക്കരുതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

’15 വർഷത്തിലേറെയായി സൗഹൃദം പങ്കിടുന്ന രണ്ട് പേർ ഒരു ഗോസിപ്പ് പേജിന് തലക്കെട്ട് നൽകാനായി പെട്ടെന്ന് ദമ്പതികളാകില്ല. ചിലപ്പോൾ ഒരു നല്ല സുഹൃത്ത് ബുദ്ധിമുട്ടുള്ള സമയത്തിലൂടെ കടന്നുപോകുമ്പോൾ മറ്റെയാൾ ഒപ്പം നിൽക്കും. എല്ലാ സൗഹൃദങ്ങൾക്കും പ്രണയത്തിന്റെ നിറം നൽകേണ്ടതില്ല’- അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആളുകളെ ആകർഷിക്കുന്നതിനായി തെറ്റായ തലക്കെട്ടുകൾ കൊടുക്കുന്ന രീതി ഒഴിവാക്കി ഉത്തരവാദിത്തത്തോടെ വാർത്തകൾ നൽകണമെന്നും താരം ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള മാദ്ധ്യമപ്രവർത്തനമാണ് വിശ്വാസ്യത സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അർജുന്റെ പ്രതികരണത്തിന് നടി ക്രിസ്റ്റൽ ഡിസൂസയും രംഗത്തെത്തി. വ്യൂസിനായി എന്തും പോസ്റ്റ് ചെയ്യുന്നത് അസംബന്ധമാണെന്നായിരുന്നു ക്രിസ്റ്റലിന്റെ പ്രതികരണം.

2015-ൽ ഏക്താ കപൂറിന്റെ ജനപ്രിയ സീരിയലായ ‘നാഗിൻ’-ലൂടെയാണ് അർജുനും മൗനിയും ശ്രദ്ധ നേടിയത്. പരമ്പരയിൽ ഋതിക്, ശിവന്യ എന്നീ കഥാപാത്രങ്ങളായെത്തിയ ഇരുവരുടെയും കെമിസ്‌ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തിലും ഇരുവരും ഒന്നിക്കുമെന്ന തരത്തിൽ നേരത്തെയും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ഇതിനുമുൻപും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മൗനി റോയ് തന്റെ വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ് ഇത്തരം വ്യാജപ്രചരണങ്ങൾ വീണ്ടും ശക്തിപ്പെടാൻ തുടങ്ങിയത്.


Business ⏭️

Back to top button