NEWS

വിവാദം ഒഴിയാതെ മലയോര ഹൈവേ നിലവാരം മെച്ചപ്പെടുത്തൽ; ഓവുചാൽ പാതിവഴിയിൽ, മഴവെള്ളം വീടുകളിലേക്ക്…


ഇരിട്ടി ∙ മലയോരഹൈവേ നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ എത്തിയിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. വള്ളിത്തോട് –മണണത്ത റീച്ചിൽ എടൂർ – ആറളം ദൂരത്തിൽ നടത്തിയ പ്രവൃത്തികളിലെ അപാകതകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ. വെള്ളരിവയൽ അയമുക്ക് മേഖലയിലെ ഓവുചാൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതിനെ തുടർന്നു മഴവെള്ളം വീടുകളിലേക്ക് കയറുന്നതായി പരാതിയുണ്ട്. സുരക്ഷാഭിത്തി, അരികുകോൺക്രീറ്റിങ്, വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിക്കൽ തുടങ്ങി കരാറിൽ ഉൾപ്പെട്ട പല പ്രവൃത്തികളും പൂർത്തിയാക്കാതെയാണ് നിർമാണം അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായും പ്രദേശവാസികൾ ആരോപിച്ചു.നിർമാണത്തിനായി സാമഗ്രികൾ സൂക്ഷിക്കാൻ ഉപയോഗിച്ച സ്വകാര്യ സ്ഥലത്തിന്റെ വാടക പോലും നൽകാത്തതായും മാലിന്യങ്ങൾ നീക്കം ചെയ്യാത്തതായും പരാതിയുണ്ട്. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ നേരത്തെയും വ്യാപക ആക്ഷേപങ്ങൾ ഉയർന്നിരുന്നു. വെമ്പുഴ പുഴയ്ക്കു സുരക്ഷാഭിത്തി നിർമിച്ചതിലെ അപാകതകൾ ഇനിയും പരിഹരിച്ചിട്ടില്ല. റോഡരിക് കോൺക്രീറ്റ് ഇരുവശത്തുമായി കൂട്ടുമ്പോൾ 15 കിലോമീറ്ററോളം പൂർത്തീകരിക്കാനുണ്ട്. മലയോര ഹൈവേയിൽ വീണ്ടും പുതിയ പരാതികൾ ഉയരുന്നതു പ്രവൃത്തികളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കയും വർധിപ്പിക്കുകയാണ്.സ്വകാര്യ സ്ഥലം ഉപയോഗിച്ചു; വാടക നൽകിയില്ലെന്ന് പരാതി  നിർമാണ സാമഗ്രികൾ സൂക്ഷിക്കാൻ സ്വകാര്യ വ്യക്തിയുടെ സ്ഥലം പ്രതിമാസം 10,000 രൂപ വാടകയ്ക്ക് ഉപയോഗിച്ചെങ്കിലും വാടക കൃത്യമായി നൽകിയില്ലെന്നാണു പരാതി. പ്രവൃത്തി പൂർത്തിയായ ശേഷം സ്ഥലം വൃത്തിയാക്കി മണ്ണിട്ടു പഴയ നിലയിലാക്കാമെന്ന ഉറപ്പും പാലിച്ചില്ലെന്നും കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇപ്പോഴും കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി സ്ഥലം ഉടമ വെളുത്തേടത്തുപറമ്പിൽ ജോർജ് ആറളം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.


Fashion ⏭️

Back to top button