NEWS
വിവാദമായ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ നൽകില്ലെന്ന് പിഎസ്സി; വിവരാവകാശ കമ്മിഷന്റെ ഉത്തരവ് തള്ളി

തിരുവനന്തപുരം∙ ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ വിവരങ്ങൾ ഉദ്യോഗാർഥിക്കു നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് തള്ളി പിഎസ്സി. പരാതിക്കാരനായ കെ.ശ്യാം കൃഷ്ണനു നൽകിയ മറുപടിയിലാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കൈമാറാൻ കഴിയില്ലെന്ന് പിഎസ്സി അറിയിച്ചത്. ഏഴു ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ തീരുമാനിച്ചുവെന്നും പിഎസ്സി വ്യക്തമാക്കിയിട്ടുണ്ട്.പരീക്ഷയുടെ മൂല്യനിർണയത്തിൽ പത്തു ചോദ്യങ്ങൾക്ക് മാർക്കിട്ടിട്ടില്ലെന്നും വീഴ്ചയുണ്ടായെന്നും പിഎസ്സി പരീക്ഷാ കൺട്രോളർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് ആഭ്യന്തര വിജിലൻസ് എസ്പിയെ തുടരന്വേഷണത്തിന് പിഎസ്സി തന്നെ നിയോഗിച്ചിരിക്കുകയാണ്. ഇതിനു പുറമേ സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ്സിക്കു കത്തു നൽകുകയും ചെയ്തു. ഇതിനിടയിലാണ് വിവരാവകാശ കമ്മിഷൻ ഉത്തരവു പ്രകാരം ഉദ്യോഗാർഥിക്കു വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് പിഎസ്സി നിലപാടെടുത്തിരിക്കുന്നത്.തുടർന്ന് പിഎസ്സി നടത്തിയ പ്രാഥമിക പരിശോധനയിൽ ആകെ 228 ഉത്തരക്കടലാസുകളുടെ മൂല്യനിർണയമാണ് നടത്തേണ്ടിയിരുന്നത്. ഇതിൽ 177 എണ്ണത്തിന്റെ ഒമ്പതാം നമ്പർ ചോദ്യവും, മുഴുവൻ ഉത്തരകടലാസുകളുടെയും (228 എണ്ണം) ക്രമനമ്പർ 10 മുതൽ 18 വരെയുള്ള ചോദ്യങ്ങളും മൂല്യനിർണയത്തിനായി വിദഗ്ധർക്ക് അസൈൻ ചെയ്തു നൽകുകയോ മൂല്യനിർണയം നടത്തുകയോ ചെയ്തതായി കാണുന്നില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാതിരുന്ന പിഎസ്സി 3 റാങ്ക്പട്ടികകളും അന്തിമമായിട്ടില്ലെന്ന കാരണം പറഞ്ഞ് 3 വർഷമായിട്ടും പരീക്ഷയിലെ മാർക്ക് പ്രസിദ്ധീകരിച്ചിട്ടുമില്ല.
Fashion ⏭️


