നെഗറ്റീവ് മാർക്ക് ചേർക്കാതെ മൂല്യനിർണയം —മിടുക്കരെ പറ്റിച്ച് എൽഎൽ.ബി പ്രവേശന റാങ്ക് ലിസ്റ്റ്

കൊച്ചി: എൽഎൽ.ബി പ്രവേശന പരീക്ഷാ പേപ്പറുകൾ നെഗറ്റീവ് മാർക്ക് പരിഗണിക്കാതെ മൂല്യനിർണയം നടത്തി. പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. മിടുക്കരായ കുട്ടികൾ ലിസ്റ്റിൽ പിന്നോട്ട് പോയി. അർഹതയില്ലാത്തവർ മുന്നിലുമെത്തി. പരാതികൾ ലഭിച്ചതോടെ, അബദ്ധം തിരുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് തലകീഴ് മറിയുകയും ചെയ്തു.
ത്രിവത്സര, പഞ്ചവത്സര കോഴ്സിന്റെ പ്രവേശന പരീക്ഷയിലാണ് ഇത്രയും വലിയ അനാസ്ഥ കാട്ടിയത്. 360 മാർക്കിനായിരുന്നു കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ. ഒരു ശരി ഉത്തരത്തിന് മൂന്നുമാർക്കും തെറ്റിന് ഒരു നെഗറ്റീവ് മാർക്കുമാണ്. പ്രവേശന പരീക്ഷാ കമ്മിഷണർ 14ന് രാവിലെയാണ് ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ആൻസർ കീയുമായി ഒത്തുനോക്കി സ്വന്തം മാർക്ക് കണക്കാക്കിയ കുട്ടികളാണ് അപാകത കണ്ടുപിടിച്ചത്. പതിനഞ്ചിലേറെ പരാതികൾ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ലഭിച്ചതോടെ അന്ന് വൈകിട്ട് വെബ്സൈറ്റിൽ നിന്ന് റാങ്ക്ലിസ്റ്ര് പിൻവലിച്ചു. പിഴവുകൾ പരിഹരിച്ച് ഇന്നലെ ഉച്ചയോടെ പുതുക്കിയ പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു. ഫൈനൽ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ആദ്യം വരും.
റാങ്കിൽ ആയിരം
വരെ പിന്നോട്ട്
1 നെഗറ്റീവ് മാർക്ക് ഉൾപ്പെടുത്തിയ ശേഷമുള്ള റാങ്ക് ലിസ്റ്റിൽ പലരും പിന്നോട്ടുപോയി. മുമ്പ് ലഭിച്ചതിൽ നിന്ന് 30-50 മാർക്കിന്റെ വരെ കുറവ് വന്നു. ആയിരം റാങ്ക് വരെ താഴെ പോയവരുമുണ്ട്. അർഹതപ്പെട്ടവർക്ക് ഉയർന്ന റാങ്കും ലഭിച്ചു
2 ത്രിവത്സര എൽഎൽ.ബിക്ക് 2819 പേരും പഞ്ചവത്സര കോഴ്സിന് 4880 പേരുമാണ് ലിസ്റ്റിലുള്ളത്. പൊതു, ഒ.ബി.സി വിഭാഗങ്ങൾക്ക് 36, പട്ടിക വിഭാഗങ്ങൾക്ക് 18 എന്നിങ്ങനെയായിരുന്നു കട്ട് ഓഫ് മാർക്ക്.
സാങ്കേതിക പ്രശ്നമാണ് കാരണം. ഇതു പരിഹരിച്ചാണ് പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ആദ്യ ലിസ്റ്റ് സംബന്ധിച്ച് അന്വേഷണം നടത്തും.
-പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയം


