NEWS

ജലപരിശോധനയിൽ മുന്നേറ്റം;ലാബ് ഒരുക്കിയ സ്‌കൂളുകൾ 400 കടന്നു

തിരുവനന്തപുരം: ജലജന്യരോഗ നിയന്ത്രണത്തിനായി സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കുന്ന ജലഗുണനിലവാര പരിശോധന ലാബുകളുടെ എണ്ണം 400 കടന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത 521 സ്‌കൂളുകളിൽ 402എണ്ണത്തിന്റെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയായത്. 95 സ്‌കൂളുകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്. നവകേരളം കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി 5.19 കോടി രൂപയുടെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ട് ഉപയോഗിച്ച് 313 ഹയർസെക്കൻഡറി സ്‌കൂളുകൾക്കാണ് ലാബിനായുള്ള ഭരണാനുമതിയുള്ളത്. ഇതിൽ പത്തനംതിട്ട,​ ആലപ്പുഴ, ​എറണാകുളം, ഇടുക്കി ജില്ലകളിലെ 293 സ്‌കൂളുകൾ പദ്ധതിക്കായി തിരഞ്ഞെടുത്തു. ഇവയിൽ 210 സ്‌കൂളുകളിൽ നിർമ്മാണം പൂർത്തിയാക്കി. 68 സ്‌കൂളുകളിൽ നിർമ്മാണം നടക്കുകയാണ്. ഹരിതകേരളം മിഷൻ ഫണ്ടും എം.എൽ.മാരുടെ ആസ്ഥിവികസനഫണ്ടും ഉപയോഗിച്ച് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലായി 227 സ്‌കൂളുകൾ തിരഞ്ഞെടുത്തതിൽ 192 ഇടത്ത് നിർമ്മാണം പൂർത്തിയായി. 27 ഇടത്ത് നിർമ്മാണം പുരോഗിക്കുകയാണ്. ജലഗുണനിലവാര പരിശോധന സംവിധാനമൊരുക്കാൻ 1.2 ലക്ഷം രൂപയോളം മതിയാവും. ലാബുകളുടെ നടത്തിപ്പും മറ്റ് കാര്യങ്ങളും സ്‌കൂളുകളുടെ ചുമതലയിലാണ്.

 ജലപരിശോധന സാർവത്രികമാകും
നിലവിൽ വാട്ടർഅതോറിറ്റിയുടെ കീഴിൽ സംസ്ഥാനതല ലാബും 14 ജില്ലാ ലാബുകളും 71 ഉപജില്ലാ ലാബുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്ക് പുറമേ പ്രാദേശികമായി ജലപരിശോധന വ്യപകമാക്കാൻ സ്‌കൂളുകളിലെ ലാബുകൾ സഹായകമാവും. ജലഗുണനിലവാരം തദ്ദേശീയമായി വിദ്യാർത്ഥികൾക്ക് പരിശോധിക്കാനാകും.

Read News ⏭️

Back to top button