NEWS

പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ; പിഎസ്‍‌സി ചെയർമാനെ സസ്പെൻഡ് ചെയ്ത് ഗവർണർ


ബെംഗളൂരു∙ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കുള്ള പിഎസ്‌സി ലിസ്റ്റിൽ പെൺമക്കളെ അനധികൃതമായി ഉൾപ്പെടുത്തിയതിനു കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു. മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലും തിരുകിക്കയറ്റിയതിനാണു ശിവശങ്കരപ്പ എസ്.സഹുകറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടാൻ രാഷ്ട്രപതിയോട് ഗവർണർ ശുപാർശ ചെയ്തു.സംവരണ ആനൂകൂല്യം ലഭിക്കാൻ വാർഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന വ്യാജ വരുമാന സർട്ടിഫിക്കറ്റ് സുമ ഹാജരാക്കിയതു പിഎസ്‌സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തിയിരുന്നു. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ, പിഎസ്‌സി നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഗവർണർക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പ് പുറത്തുവന്നത്. കമ്മിഷൻ യോഗങ്ങളിൽ നിന്ന് ചെയർമാനെ മാറ്റിനിർത്താൻ 4നു ചേർന്ന യോഗത്തിൽ അംഗങ്ങൾ തീരുമാനിച്ചിരുന്നു. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയം ഹൈക്കോടതി ഇടപെട്ട് താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.


Fashion ⏭️

Back to top button