NEWS

ബഹിരാകാശത്ത് മുദ്രപതിപ്പിച്ച് മലയാളികൾ; സ്പേസ് എക്‌സിനൊപ്പം ചേർന്ന് ഉപഗ്രഹം വിക്ഷേപിച്ചു; ചരിത്ര നേട്ടം

ഇടത്തുനിന്ന് വലത്തോട്ട് അമൽ ചന്ദ്രൻ (സിഇഒ) അനുരാഗ് രഘു (സിടിഒ) എം.ബി. അരവിന്ദ് (സിഒഒ)

വിദേശ കസ്റ്റമർമാർക്കായി ഉപഗ്രഹം നിർമ്മിച്ച് നൽകി ചരിത്രം കുറിച്ച് തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള HEX20 എന്ന സ്റ്റാർട്ടപ്പ് കമ്പനി. സ്‌പേസ് എക്സിന്റെ ട്രാൻസ്‌പോർട്ടർ-17 ദൗത്യത്തിലൂടെ തായ്‌വാന്റെ പേലോഡ് അടങ്ങിയ ‘കൊയോ (‘KOYO – Kinetic Optical Ya Observer) എന്ന ഉപഗ്രഹമാണ് ഇവർ വിജയകരമായി വിക്ഷേപിച്ചത്. HEX20 കമ്പനിയുടെ സിഇഒ ഡോ. അമൽ ചന്ദ്രൻ,​ സിടിഒ അനുരാഗ് രഘു, സിഒഒ എം.ബി. അരവിന്ദ് എന്നിവർ തങ്ങളുടെ സാറ്റ്‌ലൈറ്റ് ദൗത്യത്തെക്കുറിച്ച് കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

‘കൊയോ'(KOYO- Kinetic Optical Ya Observer)​
തായ്‌വാൻ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ഈ ഉപഗ്രഹം നിർമ്മിച്ചത്. മിസൈലുകളുടെയും ബഹിരാകാശ പേടകങ്ങളുടെയും കൃത്യമായ ദിശ കണ്ടെത്താനുള്ള ഫൈബർ ഒപ്റ്റിക്കൽ സാങ്കേതികവിദ്യയാണ് കൊയോയിൽ പരീക്ഷിക്കുന്നത്. ഇതിനൊപ്പം ഒരു യുഎസ് കമ്പനിയുടെ പവർ സിസ്റ്റവും ഇതിലുണ്ട്. വിക്ഷേപണം വിജയകരമായതിൽ കസ്റ്റമർമാർ പൂർണതൃപ്തരാണ്. ഇന്ത്യയിലെ മറ്റൊരു സ്വകാര്യ കമ്പനിയും ഇതുവരെ ഒരു വിദേശ കസ്റ്റമർക്ക് വേണ്ടി ഉപഗ്രഹം നിർമ്മിച്ച് നൽകിയിട്ടില്ല. ആ രീതിയിൽ ഇന്ത്യയിലെ ആദ്യത്തെ നേട്ടമാണിത്. മലയാളികളുടെ വിജയം എന്നതിലുപരി, ആഗോള മാർക്കറ്റിൽ നമ്മുടെ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ സഹായിക്കും. കസ്റ്റമർമാർക്ക് നമ്മളിലുള്ള ആത്മവിശ്വാസം നിലനിർത്തുകയാണ് പ്രധാനം. ഈ ദൗത്യം പരാജയപ്പെട്ടിരുന്നെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെടുമായിരുന്നു.

HEX20യുടെ ലാബ്

ഉപഗ്രഹത്തിന്റെ നിയന്ത്രണം-ടെലിമെട്രി ട്രാക്കിംഗ്

ഞങ്ങൾ ഉപയോഗിക്കുന്ന ടെലി-മെട്രി-ട്രാക്ക് വഴി ഉപഗ്രഹത്തിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ലഭ്യമാകും. ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ അവസാനമായി എപ്പോഴാണ് ലഭിച്ചത്, എത്ര മണിക്കൂർ മുൻപാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ തത്സമയം കാണാൻ സാധിക്കും. ഡാറ്റ ലഭ്യമാകുന്നതിന് അനുസരിച്ച് സ്‌ക്രീനിലെ ഗ്രാഫുകൾ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടും. ഉപഗ്രഹത്തിന്റെ ഉള്ളിലുള്ള ഓൺബോർഡ് കമ്പ്യൂട്ടറിന്റെ പ്രവർത്തനം, പവർ സിസ്റ്റം, സോളാർ പാനലുകളുടെ വോൾട്ടേജ്, താപനില എന്നിവയെല്ലാം ലാബിലിരുന്ന് ലൈവായി കാണാൻ സാധിക്കും.

ബഹിരാകാശ വ്യവസായം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പോലെ തന്നെ അടുത്ത നൂറ്റാണ്ടിൽ ലോകത്തെ നിയന്ത്രിക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ബഹിരാകാശ ഉപകരണങ്ങളടേത്. മുൻപ് ഭൂമിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ടെലിസ്ട്രിയൽ സേവനങ്ങൾ ഇന്ന് ബഹിരാകാശ അധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കുകയാണ്. എലോൺ മസ്‌കിന്റെ ‘സ്റ്റാർലിങ്ക്’, ഇന്ത്യയിൽ ജിയോ ആരംഭിക്കുന്ന സ്‌പേസ് ഇന്റർനെറ്റ് പദ്ധതികൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഭൂമിയിലെ ആവശ്യങ്ങൾക്ക് പുറമെ, ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള അമേരിക്കയുടെയും ചൈനയുടെയും ഇന്ത്യയുടെയും ‘ലൂണാർ യൂട്ടിലൈസേഷൻ’ പ്രോഗ്രാമുകളും വലിയ വളർച്ചയാണ് ഈ മേഖലയ്ക്ക് സമ്മാനിക്കുന്നത്. അടുത്ത 10-20 വർഷത്തിനുള്ളിൽ ഈ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.

ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള HEX20യുടെ ലാബ്

കേന്ദ്ര സർക്കാർ സ്‌പേസ് പോളിസികൾ കൊണ്ടുവരികയും സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുകയും ചെയ്തതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇന്ത്യയിലെ പ്രൈവറ്റ് സ്‌പേസ് സിസ്റ്റം വളരെ സജീവമായി. നിലവിൽ ഇന്ത്യയിലെ ഈ മേഖലയിൽ ഏകദേശം നൂറ്കോടി രൂപയുടെ (ഒരു ബില്യൺ യു.എസ്. ഡോളർ)​ നിക്ഷേപം വന്നുകഴിഞ്ഞു. ഉദാഹരണത്തിന്, ‘സ്‌കൈറൂട്ട്’ എന്ന ഒരൊറ്റ ഇന്ത്യൻ കമ്പനിയിൽ മാത്രം 20കോടി മുതൽ 30 കോടി രൂപ വരെ നിക്ഷേപം വരികയും അവരുടെ വാലുവേഷൻ 100 കോടി രൂപ (ഒരു ബില്യൺ ഡോളർ)​ കടക്കുകയും ചെയ്തു. അഞ്ച് വർഷം മുൻപ് ഇന്ത്യയിൽ ഇല്ലാതിരുന്ന വലിയ എക്കോസിസ്റ്റമാണിത്.

കേരളത്തിന്റെ സാദ്ധ്യത, വിദ്യാഭ്യാസം

വൻതോതിൽ നിക്ഷേപങ്ങൾ വരുന്നതോടെ അടിസ്ഥാന സൗകര്യ വികസനവും പുതിയ തൊഴിലവസരങ്ങളും വർദ്ധിക്കും. ഈ വ്യവസായത്തിന് അനുയോജ്യമായ വിദഗ്ദ്ധരെ സൃഷ്ടിച്ചെടുക്കാൻ സർവ്വകലാശാലകളിൽ ‘സ്‌പേസ് എഞ്ചിനീയറിംഗ്’ കോഴ്സുകൾ ആരംഭിക്കേണ്ടതുണ്ട്. നമ്മുടെ സാങ്കേതിക സർവ്വകലാശാലകളിൽ എയറോസ്‌പേസ് എഞ്ചിനീയറിംഗിനൊപ്പം തന്നെ സ്‌പേസ് എഞ്ചിനീയറിംഗിന് മുൻഗണന നൽകുന്ന പ്രോഗ്രാമുകൾ തുടങ്ങണം. പ്രത്യേകിച്ച് കേരളത്തിൽ, അതിൽത്തന്നെ തിരുവനന്തപുരത്ത് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സ്‌പേസ് എഞ്ചിനീയർമാരുടെ എണ്ണം വളരെ കൂടുതലാണ്. ഐ.എസ്.ആർ.ഒ ഇവിടെയുള്ളതുകൊണ്ട് തന്നെ ഈ മേഖലയിൽ പരിചയസമ്പത്തുള്ള നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഇത് കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ആഗോളതലത്തിൽ വരുന്ന മാറ്റങ്ങളെ വേഗത്തിൽ പിടിച്ചെടുക്കാൻ കേരളത്തിന് സാധിക്കും.

ബഹിരാകാശ പേടകം സ്‌പേസ് എക്സ്

കൂടാതെ വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് രീതികളിലും മാറ്റം വരുന്നുണ്ട്. മുൻപ് ഇൻഡസ്ട്രിയൽ വിസിറ്റ് എന്നത് വെറുമൊരു വിനോദയാത്ര മാത്രമായിരുന്നെങ്കിൽ ഇന്ന് പഠനകാലത്ത് തന്നെ ആറ്മാസം മുതൽ ഒരു വർഷം വരെ കമ്പനികളിൽ നേരിട്ട് ജോലി ചെയ്യാനുള്ള അവസരം സർവ്വകലാശാലകൾ നൽകുന്നുണ്ട്. ഇത് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ പ്രായോഗിക ജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.

കോവിഡിന് ശേഷമുള്ള മാറ്റം

കോവിഡിന് ശേഷമാണ് സ്പേസ് എഞ്ചിനീയറിംഗിൽ ഒരുപാട് മാറ്റങ്ങളുണ്ടായത്. മുൻപ് ബഹിരാകാശ രംഗത്ത് പ്രവർത്തിക്കണമെങ്കിൽ ഐ.എസ്.ആർ.ഒയിൽ തന്നെ കയറണമായിരുന്നു. ഇതൊരു തന്ത്രപ്രധാനമായ മേഖലയായതിനാൽ സ്വകാര്യ കമ്പനികൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, എല്ലാ ആവശ്യങ്ങളും ഐ.എസ്.ആർ.ഒയ്ക്ക് മാത്രമായി നിർവ്വഹിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് മാറ്റങ്ങൾക്ക് വഴിതെളിച്ചത്.

ഐ.എസ്.ആർ.ഒയിലെ ‘ആർ’ എന്നത് ‘റിസർച്ച്’ ആണ്. അവർ ചെയ്യേണ്ടത് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഗവേഷണങ്ങളാണ്. വാണിജ്യപരമായ ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് സ്വകാര്യ മേഖലയ്ക്ക് വിട്ടുനൽകുന്നതാണ് നല്ലൊരു എക്കോസിസ്റ്റത്തിന് അനുയോജ്യം. അതാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഹെക്‌സ് 20യുടെ അടുത്ത ലക്ഷ്യങ്ങൾ

നിലവിൽ വിജയകരമായി പൂർത്തിയാക്കിയ സാറ്റ്‌ലൈറ്റുകൾ ആഗോള വിപണിയിൽ കൂടുതൽ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യണം. കൂടുതൽ വിദേശ കസ്റ്റമേഴ്സിനെ കണ്ടെത്തണം. മൂന്ന്നാല് പുതിയ ദൗത്യങ്ങൾ കൂടി ഏറ്റെടുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഒപ്പം വലിയ ചില പ്രോജക്ടുകളും വരാനുണ്ട്. ഈ പ്രോജക്ടുകൾ സ്വന്തമായി നിർവ്വഹിക്കാൻ അടുത്ത വർഷം ജൂൺ മാസത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള സ്വന്തം കാമ്പസും വലിയൊരു ലാബും നിർമ്മിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ വലിയൊരു നേട്ടമായിരിക്കും.

Read News ⏭️

Back to top button