HEALTH
ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്ത്; വ്യവസ്ഥാപരമായ മാറ്റങ്ങൾ തുടരുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞ 50 ദിവസത്തിനിടെ ആരോഗ്യവകുപ്പിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡ് മന്ത്രി കെ. മുരളീധരൻ പ്രകാശനം ചെയ്തു. പണി പാതിവഴിയിൽ ഉപേക്ഷിക്കുന്ന ആളല്ല താനെന്നും, ആരോഗ്യസംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഇനിയും പത്തിരട്ടിയോളമുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വ്യക്തമാക്കി. ബജറ്റ് വിഹിതത്തിന് പുറമേ പൊതു ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും, കഴിഞ്ഞ പത്തുവർഷത്തിനിടെ ആരോഗ്യവകുപ്പ് നടത്തിയ എല്ലാ സംഭരണങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമല്ലെന്നും പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിലവിലുള്ളപ്പോൾ താൽക്കാലിക നിയമനങ്ങൾക്ക് പ്രോത്സാഹനം നൽകില്ലെന്നും ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഉള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാനും, വയനാട് മെഡിക്കൽ കോളജ് വികസനത്തിനായി മാനന്തവാടിയിലെ കെ.എസ്.ഇബി ഭൂമി ഉപയോഗിക്കാനും, കൊല്ലം മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചടങ്ങിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.
Life Style ⏭️


