NEWS
പ്രിയ നേതാവിന് കണ്ണീരോടെ വിടചൊല്ലി ഖത്തർ; കുവൈത്തിലും യുഎഇയിലും ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടി, ആദരവുമായി ഗർഫ് രാജ്യങ്ങൾ

ദോഹ∙ ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിക്ക് വിടചൊല്ലി രാജ്യം. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. നിലവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, രാജകുടുംബാംഗങ്ങൾ, വിവിധ അറബ്-രാജ്യാന്തര നേതാക്കൾ എന്നിവർക്ക് പുറമെ സ്വദേശികളും വിദേശികളുമായ വൻ ജനസഞ്ചയമാണ് പ്രിയ നേതാവിന് അവസാനമായി പ്രാർത്ഥനകൾ അർപ്പിക്കാൻ എത്തിയത്. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ലുസൈൽ ശ്മശാനത്തിൽ ഭൗതികശരീരം ഖബറടക്കി. വിയോഗ വാർത്ത അറിഞ്ഞത് മുതൽ ഖത്തറിലെങ്ങും കനത്ത ശോകമൂകമായ അന്തരീക്ഷമാണ് ദൃശ്യമാകുന്നത്.ഖത്തറിനെ ആധുനിക ആഗോള ശക്തിയായി വളർത്തിയ മുൻ അമീർ (പിതൃ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി കഴിഞ്ഞദിവസമാണ് അന്തരിച്ചത്. 74 വയസ്സായിരുന്നു. അന്തരിച്ച മുൻ ഭരണാധികാരിയോടുള്ള ആദരസൂചകമായി ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടന്നുവരുന്നു. രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഖത്തറിന് പുറമെ യുഎഇ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാല് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.ബെൽജിയത്തിന്റെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള ഖത്തറിലെ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപം രാജ്യാന്തര പങ്കാളിത്തത്തോടെ വികസിപ്പിച്ച് രാജ്യത്തെ മുൻനിര ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിക്കാരാക്കി മാറ്റിയത് ഷെയ്ഖ് ഹമദാണ്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി രൂപീകരിച്ച് ഫോക്സ്വാഗൺ, ലണ്ടനിലെ ഹാറഡ്സ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ, ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പാരിസ് സെന്റ് ഷെർമെയ്ൻ തുടങ്ങിയ ആഗോള ബ്രാൻഡുകളിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം രാജ്യം നടത്തി.
Source link


