SPORTS

ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്ത് വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങുന്നു


ചെന്നൈ ∙ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങളിലേക്കും ടീമിനെ നയിച്ച മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങുമായി ചെന്നൈ സൂപ്പർ കിങ്സ് വേർപിരിയുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പങ്കാളിത്തങ്ങളിലൊന്നിന് ഇതോടെ വിരാമമാകുകയാണ്. സ്റ്റീഫൻ ഫ്ലെമിങ്ങുമായി ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റ് നടത്തിയ തുറന്ന ചർച്ചകൾക്കു ശേഷം പരസ്‌പര ധാരണയോടെയും ബഹുമാനത്തോടെയും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സി‌എസ്‌കെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ‘ഈ യാത്രയുടെ ആദ്യകാലം മുതൽ ഞങ്ങൾ എങ്ങനെ കളിച്ചു എന്ന് മാത്രമല്ല, ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ ഞങ്ങൾ എന്തായിരിക്കണം എന്നും നിർവചിക്കാൻ ഫ്ലെമിങ് സഹായിച്ചു. സ്ഥിരതയിലും വിനയത്തിലും ടീമിന് പ്രഥമ പരിഗണന നൽകുന്ന സംസ്കാരം അദ്ദേഹം കെട്ടിപ്പടുത്തു. ആളുകളെ മനസ്സിലാക്കാനും ടീം അംഗങ്ങളിൽ നിന്ന് മികച്ചത് പുറത്തുകൊണ്ടുവരാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറ്റവും വലിയ ശക്തികളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം കളി അതിരുകൾക്കപ്പുറത്തേക്കും വ്യാപിക്കുന്നു. ഈ ശ്രദ്ധേയമായ യാത്ര ഒരുമിച്ച് പങ്കിടാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.’ – ചെന്നൈ സൂപ്പർ കിങ്സ് മാനേജിങ് ഡയറക്ടർ കെ.എസ്. വിശ്വനാഥൻ പറഞ്ഞു. ഐപിഎലിന്റെ ആദ്യ എഡിഷനിൽ (2008) കളിക്കാരനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായ സ്റ്റീഫൻ ഫ്ലെമിങ്, 2009 മുതൽ 17 വർഷം ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. ഈ കാലയളവിൽ അഞ്ച് ഐപിഎൽ കിരീടങ്ങളും (2010, 2011, 2018, 2021, 2023) രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങളും (2010, 2014) ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 10 തവണ ഐപിഎൽ ഫൈനൽ കളിച്ച ടീം, 12 തവണ പ്ലേഓഫിലും പ്രവേശിച്ചു. എന്നാൽ 2023 ലെ കിരീടത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയതിനെത്തുടർന്ന് ന്യൂസിലൻഡിന്റെ മുൻ നായകൻ കൂടിയായ സ്റ്റീഫൻ ഫ്ലെമിങ് വിമർശനങ്ങളുടെ നടുവിലായിരുന്നു. 2024 ൽ അ‍ഞ്ചാം സ്ഥാനത്തായ ടീം, 2025 ൽ അവസാന (10) സ്ഥാനത്തും 2026 ൽ എട്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.


Source link

Back to top button