SPORTS

വിലകൂടിയ താരമായി സിബിൻ, പക്ഷേ സഞ്ജുവിന്റെ റെക്കോർഡ് ഇളകിയില്ല; ഐപിഎൽ താരം ആദ്യം അൺസോൾഡ്, പിന്നെ കിട്ടിയത് ഒന്നരലക്ഷം


തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിനു മുന്നോടിയായി നടന്ന താരലേലത്തിൽ വില കൂടിയ താരമായി സിബിൻ ഗിരീഷ്. 11.80 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് സിബിനെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 75,000 രൂപയിൽ നിന്നാണ് സിബിന് 11.80 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞ സീസണിൽ തൃശൂർ ടൈറ്റൻസിന്റെ താരമായിരുന്നു സിബിൻ.മൂന്നു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ‘എ’ കാറ്റഗറി താരങ്ങളെ കടുത്ത പോരാട്ടത്തിലൂടെയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. സീനിയർ താരങ്ങളിൽ സച്ചിൻ ബേബിക്കാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 10 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് സച്ചിനെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു സീസണിലും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ ബേബി. വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനെ 7.80 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി.അതേസമയം കേരള താരം ഏദൻ ആപ്പിൾ ടോമും ഐപിഎൽ താരം വിഘ്നേഷ് പുത്തൂരും ആദ്യ റൗണ്ടിൽ അൺസോൾഡായെങ്കിലും പിന്നീട് യഥാക്രമം കൊച്ചി ബ്ലൂ ടൈഗേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഇരുവരെയും സ്വന്തമാക്കി. ഏദന് 3.40 ലക്ഷം രൂപ ലഭിച്ചപ്പോൾ വിഷ്നേഷിന് ഒന്നര ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അക്ഷയ് മനോഹർ (4.80 ലക്ഷം–ട്രിവാൻഡ്രം റോയൽസ്), എം.എസ്.അഖിൽ (3.80 ലക്ഷം – തൃശൂർ ടൈറ്റൻസ്), എം.യു.ഹരികൃഷ്ണൻ (3 ലക്ഷം– കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്), അഭിഷേക് പി.നായർ( 3 ലക്ഷത്തിന് – ട്രിവാൻഡ്രം റോയൽസ്) തുടങ്ങിയവരാണ് നേട്ടമുണ്ടാക്കിയ മറ്റു താരങ്ങൾ.


Source link

Back to top button