NEWS
മുൻ ‘മിസ്റ്റർ എറണാകുളം’ 390 ഗ്രാം എംഡിഎംഎയുമായി പിടിയിൽ; ലഹരിവിൽപനസംഘത്തിലെ പ്രധാന കണ്ണി

കൊച്ചി ∙ മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി പിടിയിൽ. 390 ഗ്രാം എംഡിഎംഎയാണ് ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡാൻസാഫ്) ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ആലുവ എടത്തല സ്വദേശിയായ മുഹമ്മദ് സാദിഖ് (26) തൃക്കാക്കരയ്ക്കടുത്ത് വാഴക്കാലയിൽ വച്ചാണ് ഡാൻസാഫിന്റെ പിടിയിലായത്.സബ് ഇൻസ്പെക്ടർ വിനോജ് ആന്റണിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇന്നലെ രാത്രി ഒൻപതരയോടെ പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഷോൾഡർ ബാഗിൽ നിന്ന് 387.26 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 66,000 രൂപ, ഡിജിറ്റൽ ത്രാസ്, ലഹരിമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സിപ്‌ലോക്ക് കവറുകൾ, ലഹരി കടത്താൻ ഉപയോഗിച്ച മോട്ടർ സൈക്കിൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയ നിലയിലായിരുന്നു ബൈക്ക്.
Source link


