NEWS
കോഴിക്കോട്ടെ ഒന്നാം ട്രാക്കും പ്രവർത്തനസജ്ജം; ട്രെയിനുകൾ ഇന്നും വൈകും, ടവറിന്റെ ബാക്കിഭാഗം രാത്രിയോടെ പൊളിച്ചുനീക്കും

കോഴിക്കോട് ∙ വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നതിനെ തുടർന്ന് നാലാം ട്രാക്കിലൂടെ മാത്രം നടത്തി വന്ന ട്രെയിൻ ഗതാഗതത്തിനു പിന്നാലെ ഒന്നാം ട്രാക്കും രാവിലെ ഗതാഗതത്തിനായി തുറന്നു. ക്ലോക്ക് ടവർ തകർന്നതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ച ഒന്നാം പ്ലാറ്റ്ഫോമിലെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം യശ്വന്ത്പുർ എക്സ്പ്രസ് ആണ് ഈ ട്രാക്കിലൂടെ ആദ്യം കടത്തിവിട്ടത്.ഷൊർണൂർ ഭാഗത്തേക്കുളള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിലൂടെയും കണ്ണൂർ ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിലൂടെയുമാണ് കടത്തിവിടുന്നത്. ഗതാഗത നിയന്ത്രണങ്ങൾ ഉള്ളതിനാൽ പല ട്രെയിനുകളും വെള്ളിയാഴ്ചയും വൈകാൻ ഇടയുണ്ട്. കോഴിക്കോട് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതുമായ ട്രെയിനുകൾ സംബന്ധിച്ചും പാസഞ്ചർ ട്രെയിനുകൾ സംബന്ധിച്ചും യാത്രക്കാർ റെയിൽവേ അധികൃതരുടെ അറിയിപ്പുകൾ കൂടി പരിഗണിച്ച് യാത്ര ക്രമീകരിക്കണം എന്നാണ് നിർദേശം.വ്യാഴാഴ്ച രാവിലെ 11.10 ന് ആണ് കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 2,3 പ്ലാറ്റ്ഫോമുകൾക്ക് ഇടയിലുള്ള ക്ലോക്ക് ടവർ തകർന്നുവീണത്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പൈലിങ് മൂലം വിളളൽ വീണ കെട്ടിടം പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കുന്നതിന് ഇടയിലാണ് ടവറിന്റെ ഒരു ഭാഗം പൂർണമായും പൊളിഞ്ഞുവീണത്. ബ്രിട്ടിഷ് ഭരണകാലത്ത് 1888 ൽ നിർമിച്ച ഇരട്ട ക്ലോക്ക് ടവറിന്റെ ഭാഗമായ ഈ കെട്ടിടം കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോഴുള്ളതിൽ ഏറ്റവും പഴക്കമേറിയ കെട്ടിടം കൂടിയാണ്. കോഴിക്കോട് – കണ്ണൂർ പാസഞ്ചർ ട്രെയിനിനു മുകളിലേക്കാണ് ടവറിലെ മേൽക്കൂര പതിച്ചത്. ഇത് വൈദ്യുതി ലൈനിൽ തങ്ങിനിന്നതിനാലാണ് ട്രെയിനിന് നാശനഷ്ടമുണ്ടാകാതിരുന്നത്. ഭിത്തിയുടെ ഭാഗങ്ങൾ പ്ലാറ്റ്ഫോമിലേക്കും പതിച്ചു. ബുധനാഴ്ച കെട്ടിടത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് ആളപായം ഉണ്ടാകാതിരുന്നത്.
Source link

