NEWS
കാപ്പ കേസ്: ആർ.സുഗതന് ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞ ചെയ്യാനെത്തും, ബിജെപിക്കും ആശ്വാസം

തിരുവനന്തപുരം∙ കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസലർ ആർ.സുഗതനും ബിജെപിക്കും ആശ്വാസം. നെടുമങ്ങാട് കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ജൂലൈ 13 ന് വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെ ജാമ്യം അനുവദിച്ചത്. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംക‌്ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ച കേസിലും കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതൻ ജാമ്യഹർജി നൽകിയിരുന്നത്.തിരുവനന്തപുരം കോർപറേഷന്റെ 101 അംഗ ഭരണസമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. സുഗതനെ തടങ്കലിൽ വയ്ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതു പ്രകാരം സുഗതന്റെ തടങ്കൽ തുടരുമെന്ന് കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കിൽ അറസ്റ്റിലായ ജൂൺ 10 മുതൽ ആറു മാസം സുഗതൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
Source link


