NEWS
താമരശ്ശേരി ചുരം 8–ാം വളവിൽ നവീകരണ പ്രവൃത്തി നടക്കുന്ന ഭാഗത്ത് വിള്ളൽ; സ്ഥലത്ത് പൊലീസിനെ നിയോഗിച്ചു

താമരശ്ശേരി ∙ ചുരത്തിൽ നവീകരണ പ്രവൃത്തി നടക്കുന്ന 8-ാം വളവിൽ കനത്ത മഴയെ തുടർന്നു വിള്ളൽ രൂപപ്പെട്ടു. ഇതോടെ വാഹനങ്ങൾ വൺവേ ആയാണ് കടത്തി വിടുന്നത്. കലക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അപകട സ്ഥലത്ത് പൊലീസിനെ നിയോഗിച്ചു. 8-ാം വളവിൽ സുരക്ഷാ ഭിത്തിയോട് ചേർന്ന ഭാഗത്താണ് 6 മീറ്ററോളം നീളവും ഒരു മീറ്ററോളം ആഴവുമുള്ള വിളളൽ രൂപപ്പെട്ടത്.ഇന്നലെ രാവിലെ വിള്ളൽ ശ്രദ്ധയിൽപെട്ടതോടെ ദേശീയപാത ഉദ്യോഗസ്ഥരും പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചും മണൽചാക്ക് നിരത്തി പ്ലാസ്റ്റിക്ക് ഷീറ്റിട്ടും വിള്ളലിനുള്ളിൽ മഴവെള്ളം ഇറങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുമാണ് താൽക്കാലിക പരിഹാരം കണ്ടത്. ഇവിടെ നിർമാണപ്രവൃത്തി നിർത്തിവച്ചു. നവീകരണ പ്രവൃത്തി നടത്തുന്നതിന് 8 -ാം വളവിൽ താഴേക്ക് മണ്ണുമാന്തി യന്ത്രം ഇറക്കുന്നതിന് മണ്ണിടിച്ചതിന് അടുത്താണ് വിള്ളൽ കണ്ടത്.
Source link


