NEWS
ലൈംഗിക പീഡനാരോപണം, രക്ഷപ്പെടാൻ ഡപ്യൂട്ടേഷൻ; ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്കെതിരെ ആരോപണം

കണ്ണൂർ ∙ ലൈംഗിക പീഡനാരോപണം നേരിടുന്ന ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ.എ. പ്രവീണിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കറ്റിലെ ഇടത് അംഗങ്ങൾ. ഒരു വർഷത്തെ താൽക്കാലിക ഡപ്യൂട്ടേഷനിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറായി വന്ന പ്രവീണിനെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്റർ ഡയറക്ടറായി നിയമിച്ചതിൽ ഗുരുതരമായ അഴിമതിയുണ്ട്. പ്രവീൺ ജോലി ചെയ്തിരുന്ന പോണ്ടിച്ചേരി സർവകലാശാലയിൽ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും പൊലീസ് കേസുകളുമുണ്ട്. 2025ലെ അച്ചടക്ക നടപടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രവീൺ കണ്ണൂർ സർവകലാശാലയിലേക്ക് ഡപ്യൂട്ടേഷനിൽ മാറിയതെന്നും അംഗങ്ങൾ ആരോപിച്ചു.സിൻഡിക്കറ്റ് യോഗങ്ങൾ വിളിക്കാതെ സർവകലാശാലയിൽ വൈസ് ചാൻസലർ (വിസി) ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണ്. സിൻഡിക്കറ്റ് തയാറാക്കിയ ബോർഡ് ഓഫ് സ്റ്റഡീസ് പട്ടിക ബോധപൂർവം വൈകിപ്പിച്ച് മറ്റാരോ തയാറാക്കിയ പട്ടികയ്ക്ക് ചാൻസലറുടെ അനുമതി വാങ്ങി. സിൻഡിക്കറ്റിന്റെയോ അക്കാദമിക് കൗൺസിലിന്റെയോ അനുമതിയില്ലാതെ ഫോക്‌ലോർ അക്കാദമി, സ്വകാര്യ കളരി കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ച് കളരിപ്പയറ്റ്, സംസ്കൃതം, തിയോളജി തുടങ്ങിയ കോഴ്സുകൾ വിസി പ്രഖ്യാപിച്ചു. പഠനവകുപ്പുകളുടെ മേൽനോട്ടമില്ലാത്ത ഇത്തരം കോഴ്സുകൾ ബിരുദങ്ങളുടെ മൂല്യം തകർക്കും.
Source link


