NEWS

നിയമപരമെന്ന് കാണിക്കാൻ വ്യാജ റജിസ്ട്രേഷൻ; ‘ഓപ്പറേഷൻ നുമ്ഖോറി’ൽ കുടുങ്ങി രണ്ട് ആഡംബര കാറുകൾ


കൊച്ചി ∙ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആഡംബര കാർ കടത്തുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ നുമ്ഖോറി’ന്റെ ഭാഗമായി രണ്ട് വാഹനങ്ങൾ കൂടി പിടികൂടി. ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കർണാടകത്തിൽ നിന്നാണ് രണ്ട് ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരിക്കുന്നത്. ഇതോടെ ഓപ്പറേഷൻ നുമ്ഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ആഡംബര വാഹനങ്ങളുടെ ആകെ എണ്ണം 60 ആയി.എന്നാൽ പിടിച്ചെടുത്ത വാഹനങ്ങൾ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നോ കർണാടകത്തിൽ എവിടെ നിന്നാണ് കണ്ടെത്തിയത് എന്നോ ഉള്ള വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. തങ്ങളക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു എന്ന് കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി. വാഹനങ്ങൾ കടത്തിക്കൊണ്ടു വന്നതാണെന്ന വിവരം മറച്ചുവയ്ക്കാനും റജിസ്ട്രേഷൻ നിയമപരമാണെന്ന് കാണിക്കാനുമായി വ്യാജ റജിസ്ട്രേഷൻ രേഖകളാണ് ഈ വാഹനങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.വാഹനം കടത്തുന്നതിനു അസമിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വലിയ ഒത്താശ ലഭിച്ചതായും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ബോങ്യാഗാവോണിൽ മാത്രം വ്യാജരേഖകൾ ഉപയോഗിച്ച് 464 വാഹനങ്ങൾ റജിസ്റ്റർ ചെയ്തതായി അസം പൊലീസും കണ്ടെത്തി. ഇവയിൽ ഭൂരിഭാഗത്തിന്റെയും ആദ്യ റജിസ്ട്രേഷൻ കാണിച്ചിരിക്കുന്നത് ലക്ഷദ്വീപിലാണ്. കൂടാതെ, അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ്-എൻജിൻ നമ്പറുകളിൽ 15,849 വാഹനങ്ങൾ ഓടുന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി) കണ്ടെത്തിയിരുന്നു. രണ്ടു വാഹനങ്ങൾ കർണാടകത്തിൽ നിന്നു കൂടി പിടികൂടിയതോടെ കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആർടിഒ ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് കസ്റ്റംസ് തീരുമാനം.


Source link

Back to top button