വിരുന്നെത്തി വില്ലനായി കമ്മ്യൂണിസ്റ്റ് പച്ച, അപകടകാരിയായി മാറി മഞ്ഞക്കൊന്ന, കൃഷിഭൂമികളെ തകർത്ത് അധിനിവേശ സസ്യങ്ങൾ

മഞ്ഞകൊന്ന, കമ്മ്യൂണിസ്റ്റ് പച്ച
നടുവിൽ: കൃഷി ഭൂമികളിൽ അതിവേഗം പടർന്നു വളരുന്ന തോട്ടപ്പയർ ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങൾ മലയോരങ്ങളിലെ കാർഷിക മേഖലയ്ക്ക് ഭീഷണിയാവുന്നു. വിരുന്നുകാരായെത്തിയവർ പടർന്നു വളർന്നു കാർഷിക വിളകളെ വരിഞ്ഞുമുറുക്കി മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും അന്തകരായി മാറുകയാണ്.
പച്ചപ്പ് കാണാൻ ഭംഗിയുണ്ടെങ്കിലും അന്തക സ്വഭാവം ഉള്ളതിനാൽ അപകടകാരികളായി മാറിയിരിക്കുകയാണ് തോട്ടപ്പയർ. വിരുന്നെത്തി വില്ലനായി മാറിയ അധിനിവേശസസ്യങ്ങളിൽ ഒന്നാമനാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തിയ അമേരിക്കൻ വൻകര സ്വദേശിയായ കമ്മ്യൂണിസ്റ്റ് പച്ച. കോൺഗ്രസ് പച്ച എന്ന പാർക്കിനിയമാണ് മറ്റൊരു അപകടകാരി. ധൃതരാഷ്ട്ര പച്ചയും മഞ്ഞക്കൊന്നയും നമ്മുടെ കാടുകളിൽ വളരെ വേഗം വ്യാപിച്ച് സ്വദേശികളായ ജൈവവൈവിദ്ധ്യങ്ങൾക്ക് കനത്ത ഭീഷണിയായി മാറുകയാണ്.
കേരളത്തിലെ വനങ്ങളിൽ പ്രകൃതിദത്തമായി ഉണ്ടായിരുന്ന സസ്യങ്ങൾക്ക് ഭീഷണിയായി മാറിയ മഞ്ഞക്കൊന്ന നശിപ്പിക്കുന്നതിന് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
നാട്ടിൻപുറങ്ങളിൽ കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള തകർച്ചയും കാടുവെട്ടിത്തെളിക്കുന്നതിന് തൊഴിലാളികളെ കിട്ടാത്തതും കൃഷിഭൂമി തരിശ് കിടക്കുന്നതിനും അവിടങ്ങളിൽ അധിനിവേശ സസ്യങ്ങൾ വളരെ വേഗത്തിൽ പടർന്നു പന്തലിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത്തരത്തിൽ കൃഷിയിടങ്ങൾ കാടുമുടി കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതിയും നിലനിൽക്കുകയാണ്.
തോട്ടപ്പയർ
അധിനിവേശ സസ്യങ്ങളിൽ പ്രധാനിയാണ് തോട്ടപ്പയർ. കേരളത്തിൽ റബർ കൃഷി വ്യാപകമായ കഴിഞ്ഞ പതിറ്റാണ്ടുകളിൽ റബർ തോട്ടങ്ങളിൽ ആവരണ വിളയായി നട്ടുവളർത്തിയതാണ്. മണ്ണിലെ നൈട്രജൻ സമൃദ്ധിക്കും മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിനു ഈർപ്പവും റബർ തൈകൾക്ക് തണലും ലഭിക്കുന്നതിനു വേണ്ടിയാണ് മ്യൂക്കണ ബാക്ടീരിയറ്റ, പ്യൂരേറിയ ഫെസയോ ലോയ്ഡ്സ് എന്നീ ഇനങ്ങളിൽ പെട്ട പയറുകൾ നട്ടുപിടിപ്പിച്ചത്. അതിവേഗം പടർന്നു വളരുന്നവയാണിത്.
കാലിത്തീറ്റയായും ഇവ ഉപയോഗിച്ചിരുന്നുവെങ്കിലും കൃഷിയിടങ്ങളിലേക്കും തരിശു ഭൂമിയിലേക്കും പടർന്നുകയറി കാർഷിക വിളകളും മറ്റു സസ്യങ്ങളും നശിപ്പിക്കുന്നു.
Source link


