SPORTS
നാണക്കേട്! ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 76 റൺസിന് ഓൾഔട്ട്! മൂന്നാം ട്വന്റി20യിൽ 125 റൺസിന്റെ റെക്കോർഡ് തോൽവി

നോട്ടിങ്ങാം ∙ തോറ്റ്, തോറ്റ് ഒടുവിൽ റെക്കോർഡ് തോൽവിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ 125 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 11.4 ഓവറിൽ വെറും 76 റൺസിന് ഓൾഔട്ടായി. രാജ്യാന്തര ട്വന്റി20യിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. 2019ൽ ന്യൂസീലൻഡിനെതിരെ 80 റൺസിനു തോറ്റതായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും വലിയ പരാജയം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കടന്നത്. വൈഭവ് സൂര്യവംശി (5 പന്തിൽ 13), ഇഷാൻ കിഷൻ (9 പന്തിൽ 13) എന്നിവരാണ് ‘ടോപ് സ്കോർമാർ’. അഭിഷേക് ശർമ (7 പന്തിൽ 10), അക്ഷർ പട്ടേൽ (4 പന്തിൽ 10) എന്നിവരും രണ്ടക്കം തൊട്ടു. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (4 പന്തിൽ 5), തിലക് വർമ (11 പന്തിൽ 3), ഹർഷിത് റാണ (13 പന്തിൽ 9), ശിവം ദുബെ (4 പന്തിൽ 2), അർഷ്ദീപ് സിങ് (4 പന്തിൽ 4), വരുൺ ചക്രവർത്തി (7 പന്തിൽ 5), പ്രിൻസ് യാദവ് (2 പന്തിൽ 2*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. നാലു വിക്കറ്റെടുത്ത ജോഷ് ടങ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചർ എന്നിവരാണ് ഇന്ത്യയെ ചുരുട്ടികെട്ടിയത്. ആദിൽ റഷീദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വിൽ ജാക്സ് ഒരു വിക്കറ്റെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സോൾട്ട് (44 പന്തിൽ 70), സാം കറൻ (24 പന്തിൽ 41), ജോസ് ബട്‌ലർ (21 പന്തിൽ 36) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് അവർ 200+ ടോട്ടൽ നേടിയത്. ഇന്ത്യയ്ക്കിയ പ്രിൻസ് യാദവ്, ഹർഷിത് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ ഒരു വിക്കറ്റെടുത്തു.
Source link


