SPORTS
സഞ്ജുവിനെ ഒഴിവാക്കിയതല്ലെന്ന് സിലക്ടർമാർ, ഓപ്പണിങ്ങിൽ മാറ്റമുണ്ടാകില്ല; ‘വിശ്രമം’ സിംബാബ്‌വെ പരമ്പരയിൽ മാത്രമോ?

ട്വന്റി20 ലോകകപ്പ് വിജയത്തിലെ ഇന്ത്യൻ ഹീറോ സഞ്ജു സാംസണെ സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. ജൂലൈ അവസാനം ഹരാരെയിൽ തുടങ്ങുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സിലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജുവിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും കടുത്ത അമർഷം ഉയരുന്നുണ്ട്. എന്നാൽ, സഞ്ജുവിനെ ടീമിൽ നിന്ന് ഒഴുവാക്കിയതല്ലെന്നും മറിച്ച് വിശ്രമം അനുവദിച്ചതാണെന്നുമാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് വഴിമാറിക്കൊടുക്കാൻ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിയത് വലിയ ചർച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിംബാബ്‌വെ പരമ്പരയിൽ നിന്നും താരം പൂർണമായി പുറത്താകുന്നത്. എന്നാൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കാനോ, ഓപ്പണിങ്ങിൽ നിന്ന് മാറ്റിനിർത്തി മുന്നോട്ട് പോകാനോ സിലക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനൊപ്പം സഞ്ജു സാംസൺ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.‘സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതല്ല, നിലവിൽ ഇംഗ്ലണ്ടിലുള്ള മറ്റ് ആറ് മുതിർന്ന താരങ്ങളെപ്പോലെ വിശ്രമം നൽകിയതാണ്. വലിയ ടൂർണമെന്റുകൾ വരുമ്പോൾ ബാക്കപ്പ് കളിക്കാരെ വാർത്തെടുക്കേണ്ടത് അനിവാര്യമാണ്. അതിനാണ് ഈ പരമ്പര ഉപയോഗിക്കുന്നത്.’ – ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, നിലവിൽ ടീമിൽ ട്വന്റി-20 ഫോർമാറ്റിൽ മാത്രം കളിക്കുന്ന സഞ്ജുവിനെപ്പോലൊരു കളിക്കാരന് എന്തിനാണ് വിശ്രമം അനുവദിക്കുന്നത് എന്ന ചോദ്യം ക്രിക്കറ്റ് നിരീക്ഷകർ ഉയർത്തുന്നുണ്ട്.
Source link


