NEWS
കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ കൂറ്റൻ കിണർ: 20 മീറ്റർ ഉയരം, 9 മീറ്റർ വിസ്തൃതി; ചെലവ് 160 കോടി

പാറശാല ∙ സംസ്ഥാന അതിർത്തി പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുന്നതിനുളള 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതിയുടെ ഭാഗമായ മാവിളക്കടവിലെ കൂറ്റൻ കിണറിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. കുളത്തൂർ, കാരോട്, ചെങ്കൽ പഞ്ചായത്തുകൾക്ക് ജലമെത്തിക്കുന്നതിനായി കിഫ്ബിയുടെയും ജലജീവൻ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതാണ് നിർദിഷ്ട പദ്ധതി. നെയ്യാറിലെ മാവിളക്കടവിൽ വലിയ കിണർ നിർമിച്ച് അതിൽ നിന്നുളള വെള്ളം കുളത്തൂർ, ചെങ്കൽ, കാരോട് പഞ്ചായത്തുകളിലെ വാട്ടർ ടാങ്കുകളിൽ എത്തിച്ച് വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയുളള മാവിളക്കടവിലെ കിണർ നിർമാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.നെയ്യാറിൽ മാവിളക്കടവ് പാലത്തിനരികിൽ 20മീറ്റർ ഉയരത്തിലും 9 മീറ്റർ വിസ്തൃതിയിലുമാണ് കിണർ നിർമാണം നടക്കുന്നത്. ഇനി ആറു മീറ്റർ കൂടി ഉയർത്തി അതിനു മുകളിലായിരിക്കും മോട്ടർ സ്ഥാപിക്കുക. പരമാവധി 2 മാസത്തിനുളളിൽ കിണർ നിർമാണം പൂർത്തിയാക്കാനാവും. ഏതു വരൾച്ചയിലും ജലക്ഷാമം വരാതിരിക്കാനായി മാവിളക്കടവ് പാലത്തിന് സമീപം തടയണയും നിർമിക്കുന്നുണ്ട്. ഇവിടെ നിന്ന് 6.5 കിലോമീറ്റർ അകലെ പൊൻവിളയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് ജലവിതരണം നടത്തുക. പൊൻവിളയിൽ പ്ലാന്റിന്റെ നിർമാണവും പൂർത്തിയായി വരുന്നു.
Source link


