ശസ്‌ത്രക്രിയ കഴിഞ്ഞപ്പോൾ കോസ്‌മെറ്റോളജിസ്റ്റ് ജോലി പോയി; ഇന്ന് മാസം അരലക്ഷം വരുമാനമുള്ള സംരംഭക

സ്മിതാസ് ഫുഡ് പ്രൊഡക്ട്സിനൊപ്പം സ്മിത
കണ്ണൂർ: ഒരു ശസ്ത്രക്രിയ, ആറുമാസത്തെ കിടപ്പ്, ജോലി നഷ്ടപ്പെട്ടു, ജീവിതം നിശ്ചലമായെന്ന് തോന്നിയ ദിവസങ്ങൾ. തളിപ്പറമ്പ് ശ്രീകണ്ഠാപുരം തളിക്കൈ സ്മിതയുടെ (40) കണ്ണ് പതിഞ്ഞത് വീട്ടുവളപ്പിലെ ആ വരിക്കപ്ളാവിലാണ്. കാക്ക കൊത്തിവീഴ്ത്തുന്ന ചക്കകൾ. അണ്ണാൻ കടിച്ചെറിഞ്ഞ ചക്കക്കുരുക്കൾ… ‘ഇത് വെറുതെ നശിക്കേണ്ടതുണ്ടോ?’ ആ ചോദ്യമാണ് സ്‌മിതയെ സംരംഭകയാക്കിയത്.
പ്രതിമാസം അരലക്ഷം വരുമാനമുള്ള സംരംഭകയാണ് സ്‌മിത ഇന്ന്. പയ്യന്നൂരിൽ കോസ്‌മെറ്റോളജിസ്റ്റായി ജോലി ചെയ്തിരുന്ന സ്മിതയ്ക്ക് നട്ടെല്ലിലെ ഡിസ്‌ക് പ്രശ്നം കാരണം ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ആറുമാസം കിടപ്പിലായി. പിന്നാലെ ജോലിയും പോയി. പക്ഷേ തോൽക്കാൻ അവർ തയ്യാറായിരുന്നില്ല.
2022ൽ വീട്ടുവളപ്പിലെ ചക്ക ഉപയോഗിച്ച് ചക്കവരട്ടി ഉണ്ടാക്കി. പിന്നീട് ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്കപ്പുട്ടുപൊടി, അവലോസുപൊടി, ജാം, സ്‌ക്വാഷ്, ‘ദാഹശമിനി’ തുടങ്ങി നിരവധി മൂല്യവർദ്ധിത ഉത്പന്നങ്ങൾ ചക്കയിൽ നിന്ന് നിർമിച്ചു. ആദ്യം നാട്ടുകാരായിരുന്നു കസ്റ്റമർ. പിന്നെ അവർ ഗൾഫിലെ ബന്ധുക്കൾക്ക് സമ്മാനിച്ചു. ഫെബ്രുവരിയിൽ ഗുരുഗ്രാമിൽ നടന്ന ആജീവിക സരസ് മേളയിൽ പാൻ ഇന്ത്യ തലത്തിലെ നാച്വറൽ ഫുഡ് വിഭാഗത്തിൽ സ്‌മിതയുടെ ചക്ക ഉത്പന്നങ്ങൾ ഒന്നാം സ്ഥാനം വരെ നേടി.
കടൽ കടക്കാൻ ഉത്പന്നങ്ങൾ
ഉത്പന്നങ്ങൾക്ക് സ്വീകാര്യത നേടിയതോടെ സ്‌മിത പരിശീലനം നേടുകയും ഭക്ഷ്യസുരക്ഷാ ലൈസൻസും പാക്കിംഗ് ലൈസൻസും സ്വന്തമാക്കുകയും ചെയ്തു. ‘സ്മിതാസ് ഫുഡ് പ്രൊഡക്ട്സ്’ എന്ന ബ്രാൻഡിലാണ് ഇപ്പോൾ വില്പന. വീട്ടിലെ ഡ്രയറിൽ ആരംഭിച്ച സംരംഭം ഇന്ന് പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. 30 ലക്ഷം രൂപ വിലവരുന്ന ഡ്രയർ വായ്പയില്ലാതെ സ്ഥാപിച്ചു.
കർഷക കൂട്ടായ്മകളും കുടുംബശ്രീയും സഹായത്തിനെത്തി. 200 കിലോ ചക്ക ഉപയോഗിച്ചിരുന്നിടത്ത് നിന്ന് ഇന്ന് പുറത്തുനിന്ന് കിലോയ്ക്ക് 60 രൂപയ്ക്ക് ചക്ക വാങ്ങുന്നു. രണ്ട് ജീവനക്കാരുണ്ട്. കയറ്റുമതിക്കുള്ള ഗുണനിലവാര പരിശോധന പൂർത്തിയാക്കി. ഭർത്താവ് അനീഷിന് ധനകാര്യ സ്ഥാപനത്തിലാണ് ജോലി. മക്കൾ: ശിൽപ, ശീതൾ, റോൺ, ഡോൺ.
ഉത്പന്നങ്ങളുടെ വൈവിദ്ധ്യം
1. കപ്പപുട്ടുപൊടി, മധുരക്കിഴങ്ങുപുട്ടു പൊടി, ഇഞ്ചി, കറിവേപ്പില, മുരിങ്ങയില, കാന്താരി മുളക്, സവാള, കായം, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ പൊടി.
2. പോത്ത് ഇടിയിറച്ചി, ബീഫ് അച്ചാർ, മീൻ അച്ചാർ
3. കണ്ണൻകായ, നേന്ത്രക്കായ, കൂവപ്പൊടികൾ (കുട്ടികൾക്കായി)
4. കർക്കടക മരുന്നും ലേഹ്യവും
RELATED TOPICS: KANNUR ENTREPRENEU, JACKFRUIT VALUE ADDED PRODUCTS, KANNUR CHAKKA BUSINESS
Source link


