NEWS
‘മകനെ കാണാതെ ഞാൻ മടങ്ങില്ല’: കാത്തിരിപ്പിന്റെ രണ്ട് വർഷങ്ങൾ, അമ്മയുടെ കണ്ണീരിനെ ചൂഷണം ചെയ്ത് ‘വ്യാജ രക്ഷകർ’, അഫ്സലെവിടെ?

ദുബായ്∙ മാതൃത്വത്തിന്റെ നോവും പേറി ഒരു മലയാളി അമ്മ യുഎഇയുടെ മണ്ണിൽ കണ്ണീരൊഴുക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. രണ്ടു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ തന്റെ മകൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്ന ഒറ്റ പ്രതീക്ഷയിലാണ് ഈ അൻപതുകാരി ദുരിതങ്ങളുടെ കയ്പുനീർ കുടിച്ച് കഴിഞ്ഞ ഒരു വർഷമായി ദുബായിൽ കഴിയുന്നത്. വയനാട് വൈത്തിരി പൊഴുതന ആറാം മൈൽ സ്വദേശിനിയായ ജാസ്മിൻ എന്ന ഈ അമ്മയുടെ കഥ കേൾക്കുന്ന ഏവരുടെയും കണ്ണുനിറയ്ക്കും.ദുബായ് അൽ നഹ്ദയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്താണ് ഇവർ ഇപ്പോൾ ജീവിക്കുന്നത്. കഠിനമായ അധ്വാനത്തിനിടയിലും അവരുടെ മനസ്സ് നിറയെ രണ്ടാമത്തെ മകൻ അഫ്സലിനെക്കുറിച്ചുള്ള ഓർമകളാണ്. ഇരുപത്തിയെട്ടുകാരനായ അഫ്സലിനെ 2024 മാർച്ച് അഞ്ചിനാണ് കാണാതാകുന്നത്. ദുബായ് വർഖയിലെ ജോലിസ്ഥലത്തുനിന്ന് ഷാർജയിലുള്ള ഒരു സുഹൃത്തിനെ കാണാൻ പോയതായിരുന്നു അഫ്സൽ. എന്നാൽ അവിടെനിന്നും മകൻ മടങ്ങിവന്നില്ല. അതോടെ ആ അമ്മയുടെ ജീവിതത്തിലെ സമാധാനവും ഇല്ലാതായി.∙ ഷാർജയിൽ സുഹൃത്തിനെ കാണാൻ ചെന്നു, പിന്നീട് സംഭവിച്ചത്… കൂലിപ്പണിക്കാരനായ യാഖൂബിന്റെ ഭാര്യയാണ് ജാസ്മിൻ. മൂന്ന് മക്കളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തി വലുതാക്കിയത്. മൂത്തമകൻ മുഹമ്മദ് ജാസിർ(30) സൗദി അറേബ്യയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു. രണ്ടാമത്തേതാണ് അഫ്സൽ. മൊബൈൽ റിപ്പയറിങ്ങും ഫൊട്ടോഗ്രഫിയും പഠിച്ചിട്ടുള്ള അഫ്സൽ പക്ഷേ, ദുബായിൽ ചെയ്തത് വർഖയിലെ ഒരു സലൂൺ-ജെന്റ്സ് ബ്യൂട്ടി പാർലറിൽ ഹെയർ ഡ്രസിങ് ജോലിയായിരുന്നു. ഇളയ മകൾ അഫ്ന വിവാഹിതയാണ്.
Source link


