NEWS
തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം 2028ൽ പൂർത്തിയാക്കും; പ്രധാന പ്രവേശന മന്ദിരവും കെട്ടിടങ്ങളും ഈ മാസം പൊളിച്ചു തുടങ്ങും

തൃശൂർ ∙ റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണ–വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. റെയിൽവേ, ജില്ലാ ഭരണകൂടം, തൃശൂർ കോർപറേഷൻ, മറ്റു വകുപ്പുകൾ എന്നിവയുടെ ഏകോപനം ആവശ്യമുള്ള പുനർവികസനത്തിന്റെ വിവിധ ഘട്ടങ്ങൾ യോഗം ചർച്ച ചെയ്തു. പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള നിർവഹണം, ഓഫിസുകൾ മാറ്റൽ, സ്റ്റേഷൻ സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കൽ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ വിശദമായി യോഗം അവലോകനം ചെയ്തു.യാത്രക്കാരും പൊതുജനങ്ങളും നേരിടേണ്ടിവരുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കാനും പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും കൃത്യമായ ഏകോപനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത് അടക്കമുള്ള വിവിധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. 2028–ൽ സ്റ്റേഷന്റെ പുനർ വികസനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ നിർവഹണ ചുമതലയുള്ള ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം യോഗത്തിൽ അറിയിച്ചു. തൃശൂരിന്റെ മൾട്ടി മോഡൽ കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്ന ചർച്ചകളും യോഗത്തിലുണ്ടായി. യോഗത്തിനു ശേഷം കേന്ദ്ര മന്ത്രിയും ഉദ്യോഗസ്ഥ സംഘവും സ്റ്റേഷൻ സന്ദർശിച്ച്, വികസന ജോലികളും മറ്റും പരിശോധിച്ചു.
Source link


