NEWS
‘ഞങ്ങൾ രാജ്യസ്നേഹികൾ, വിഡ്ഢികളല്ല; കേന്ദ്ര സർക്കാർ ഹിന്ദുക്കളെ കൊള്ളയടിക്കുന്നു’

മുംബൈ ∙ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനകളിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ആരോപിച്ച് കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ. മുംബൈ ദാദറിലെ ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ പാർട്ടി ആഹ്വാനം ചെയ്ത ‘രാമരക്ഷാ ആന്ദോളൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഹിന്ദുക്കളെ കൊള്ളയടിക്കുകയാണെന്ന് ഉദ്ധവ് ആരോപിച്ചു.‘‘ഇന്ന് ഹിന്ദുക്കൾ മയക്കത്തിലാണ്. രാമന്റെ പേരിൽ നടക്കുന്ന കൊള്ളയ്ക്കെതിരെ രാജ്യത്തെ എല്ലാ ഹിന്ദുക്കളും ഉണർന്ന് പോരാടണം. ഹിന്ദുക്കൾ ഭയപ്പെട്ടിരുന്ന കാലത്ത് അവർക്ക് ആത്മവിശ്വാസം നൽകിയത് ബാലാസാഹേബ് താക്കറെയാണ്. ഇന്ന് ഞാനും അത് ആവർത്തിക്കുന്നു. രാമഭക്തർ രാവണന്റെ ലങ്ക കരിച്ചതുപോലെ, ഞങ്ങൾ അനീതിയുടെ ലങ്കയ്ക്ക് തീയിടും. കേദാർനാഥ്-ബദരീനാഥ് ക്ഷേത്രങ്ങളിൽ നിന്നാണ് ഈ കൊള്ള തുടങ്ങിയത്. ഇപ്പോൾ അത് അയോധ്യയിലെത്തി നിൽക്കുന്നു. അയോധ്യ വെറുമൊരു ട്രെയിലർ മാത്രമാണെന്നും കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ എന്നുമാണ് ബിജെപി പറയുന്നത്. അവിടെ നടക്കാൻ പോകുന്ന കൊള്ളയെക്കുറിച്ചാണ് എനിക്ക് ആശങ്ക’’– ഉദ്ധവ് താക്കറെ ആരോപിച്ചു.
Source link


