NEWS
കൊട്ടാരക്കര അപകടം: ഡ്രൈവർ ടിപ്പർ ഓടിച്ചത് ഫോൺ ചെയ്തുകൊണ്ട്, പാഞ്ഞിറങ്ങിയത് 56 കിലോ മീറ്റർ വേഗത്തിൽ; റിപ്പോർട്ടില് ഗുരുതര വിവരങ്ങൾ..

കൊട്ടാരക്കര ∙ മുക്കോണി മുക്കിൽ 3 പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറിയുടെ ഡ്രൈവർ അപകട സമയത്തു ഫോൺ ചെയ്തുകൊണ്ടാണു വാഹനം ഓടിച്ചതെന്നും ലോറി അമിത വേഗത്തിലായിരുന്നെന്നും മോട്ടർ വാഹന വകുപ്പ് അധികൃതരുടെ റിപ്പോർട്ട്. ദുരന്തത്തിന് ഏഴ് സെക്കൻഡ് മുൻപു മുതൽ 55 സെക്കൻഡ് നേരം ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതായാണു റിപ്പോർട്ടിലുള്ളത്. പൊലീസിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹായത്തോടെയാണു മോട്ടർ വാഹന വകുപ്പ് അധികൃതർ ശാസ്ത്രീയ പരിശോധനകൾ നടത്തിയത്. ട്രാൻസ്പോർട്ട് കമ്മിഷണർക്കു സമർപ്പിച്ച റിപ്പോർട്ടിലാണു വാഹനാപകടം സംബന്ധിച്ചു ഗുരുതര വിവരങ്ങൾ ഉള്ളത്. 23നു രാവിലെ 7.11നാണ് അപകടം നടന്നത്. അമ്പലക്കര ഭാഗത്തെ റോഡിൽ നിന്നു കുത്തനെ ഇറക്കമുള്ള കൊട്ടാരക്കര- നീലേശ്വരം- അമ്പലത്തുംകാല റോഡിലേക്കു ടിപ്പർ പാഞ്ഞിറങ്ങിയത് 56 കിലോ മീറ്റർ വേഗത്തിലായിരുന്നു. റോഡിന്റെ ഇടതു ഭാഗത്തേക്കു പോകേണ്ട ലോറി നിയന്ത്രണം വിട്ടു വലതുഭാഗത്തു പന്ത്രണ്ടോളം യാത്രക്കാർ നിന്നിരുന്ന ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഇറക്കവും വളവുകളും ഉള്ള കവലയിൽ വാഹന വേഗം 10 കിലോമീറ്ററിൽ താഴെയായി കുറയ്ക്കണമായിരുന്നു.അമിത വേഗത്തിൽ അമിത ലോഡുകളുമായി ടിപ്പർ ലോറികൾ പായുന്നതു കിഴക്കൻമേഖലയിലെ പതിവ് കാഴ്ചയാണ്. മുക്കോണി മുക്കിൽ അപകടത്തിൽപ്പെട്ട ലോറിക്കു പിന്നാലെ നിറയെ മണ്ണും കയറ്റി 5 ടിപ്പർ ലോറികൾ ഉണ്ടായിരുന്നതായാണു നാട്ടുകാർ പൊലീസിനു നൽകിയ മൊഴി. അപകടം നടന്നയുടൻ ഈ ലോറികൾ വഴി തിരിഞ്ഞു പോയെന്നാണു കരുതുന്നത്. കൊട്ടാരക്കര നഗരസഭ വീട് നിർമാണത്തിന് നൽകിയ പാസിലാണ് അപകടത്തിൽപ്പെട്ട ടിപ്പറിലേക്കു മണ്ണെടുത്തത്. ആദ്യ ലോഡ് മണ്ണാണു ലോറിയിൽ കടത്തിയതെന്നാണു ജില്ലാ ഭരണകൂടം പറയുന്നത്. എന്നാൽ, പിന്നാലെ എത്തിയ ലോറികൾ മണ്ണ് എവിടെ നിന്നാണു കയറ്റിയതെന്നു നാട്ടുകാർ ചോദിക്കുന്നു.
Source link


