NEWS
ശ്വേത മേനോന്റെ ഹർജിയിൽ നടപടി; അമ്മ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞ് കോടതി

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, പ്രശ്നപരിഹാരത്തിനായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞ് കോടതി. നടി ശ്വേത മേനോൻ നൽകിയ ഹർജി പരിഗണിച്ചാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിലെ എതിർകക്ഷികളിലൊരാളായ നടനും എംഎൽഎയുമായ രമേഷ് പിഷാരടിക്ക് നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസ് വീണ്ടും ഈ മാസം 13ന് പരിഗണിക്കും. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാനായിരുന്നു അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിന്റെ തീരുമാനം. എന്നാൽ അഡ്ഹോക് കമ്മിറ്റിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ശ്വേത മേനോൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അമ്മയുടെ നിയമാവലി അനുസരിച്ച് ഒരു ഭരണസമിതി പൂർണമായി രാജി വയ്ക്കുകയാണെങ്കിൽ പുതിയ തിരഞ്ഞെടുപ്പിലൂടെ മറ്റൊരു ഭരണസമിതി വരുന്നതു വരെ പഴയ കമ്മിറ്റി തന്നെ തുടരണമെന്നാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമാവലിയിൽ ഒരിടത്തും അഡ്ഹോക് കമ്മിറ്റി രൂപീകരണം പറയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും സ്ഥാനത്തുനിന്ന് പടിയിറങ്ങില്ലെന്ന് ശ്വേത മേനോൻ പിന്നീട് വ്യക്തമാക്കിയിരുന്നു. തന്നെ ചിലർ വ്യക്തിപരമായി ലക്ഷ്യമിടുകയാണെന്നും നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നുമാണ് നടി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. ഭാരവാഹികൾ രാജിവയ്ക്കണമെന്ന കൃത്യമായ അജൻഡയോടെയാണ് ചിലർ യോഗത്തിനെത്തിയതെന്നും സംഘടനയെ തകർക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും ശ്വേത ആരോപിച്ചു.
Source link


