NEWS
‘നോ ഐഡി നോ എന്‍ട്രി’, സംശയം തോന്നിയാൽ തൂക്കും; മദ്യം വാങ്ങാന്‍ പ്രായപരിധി കർശനമാക്കും

തിരുവനന്തപുരം∙ ഓപ്പറേഷന് തൂഫാനു പിന്നാലെ സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കര്‍ണാടക മോഡലില്‍ കര്‍ശനമാക്കാന്‍ എക്സൈസ് വകുപ്പ്. നിലവില്‍ സംസ്ഥാനത്ത് 23 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്ക്കാന് പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇതു പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നും കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബെവ്കോ ഔട്ട്ലെറ്റുകളില് എത്തി മദ്യം വാങ്ങുന്നുവെന്നും വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമായി പാലിക്കണമെന്ന് എക്സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കര്‍ണാടക മോഡലില്‍ ‘നോ ഐഡി നോ എന്‍ട്രി’ എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാനാണ് ആലോചന. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ ഉറപ്പായും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടണം. ഇതു പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമേ മദ്യം നല്‍കാവൂ എന്നാണ് നിര്‍ദേശം. മദ്യം വാങ്ങാനുള്ള പ്രായപരിധി പതിനെട്ടിൽ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 21 ആക്കിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 23 വയസ്സായി ഉയര്‍ത്തി. 23 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം വില്ക്കുന്നതു വിലക്കി ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാനുള്ള തീരുമാനം.
Source link


