NEWS
ഭക്ഷണാവശിഷ്ടം മുതൽ ഇ–മാലിന്യം വരെയുള്ള പാഴ്‌വസ്തുക്കൾ മൂല്യവസ്തുവാക്കിയ ക്രിസ്റ്റഫർ വിട പറയുമ്പോൾ…

പത്തനംതിട്ട ∙ വലിച്ചെറിയലുകളില്ലാത്ത ലോകത്തേക്ക് ക്രിസ്റ്റഫർ യാത്രയാകുമ്പോൾ തെരുവീഥികൾ തേങ്ങുന്നുണ്ടാവണം. മാലിന്യം വീഴാതെ വഴിയോരങ്ങളെയും വീട്ടുമുറ്റങ്ങളെയും കാത്തുപാലിച്ച രക്ഷകനെയാണ് നാടിനു നഷ്ടമാകുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് അംഗീകാരമുള്ള 37 ഏജൻസികളിൽ ഒന്നായ തിരുവല്ല ക്രിസ് ഗ്ലോബലിന്റെ ചുമതലക്കാരനായ പാലിയേക്കര ചെമ്പകസദനം എം.ക്രിസ്റ്റഫർ(54) മണ്ണിലേക്കും ജലാശയങ്ങളിലേക്കും കലരാതെ എങ്ങനെ മാലിന്യത്തെ ശേഖരിക്കാം എന്ന് സമൂഹത്തെ പഠിപ്പിച്ച യഥാർഥ പരിസ്ഥിതി പോരാളിയായിരുന്നു. ഭക്ഷണാവശിഷ്ടം മുതൽ കംപ്യൂട്ടർ ഇ–മാലിന്യം വരെയുള്ള പാഴ്‌വസ്തുക്കളെ എങ്ങനെ മൂല്യവസ്തുക്കളാക്കി മാറ്റാമെന്നു സംസ്ഥാനത്തെ പഠിപ്പിച്ച യുവസംരംഭകനാണ് അദ്ദേഹം. സംസ്ഥാന ശുചിത്വ മിഷൻ മേധാവിയായിരുന്ന ഡോ. കെ.വാസുകി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൈയ്യടി നേടിയിട്ടുള്ള ക്രിസ്റ്റഫർ പഴയ ടയർ കയറ്റുമതി ചെയ്യാനാണ് ജില്ലയിൽ എത്തുന്നത്. പുനഃ ചംക്രമണം െചയ്യാൻ പറ്റാത്ത പ്ലാസ്റ്റിക് ചാക്ക്, തരികൾ, പൊടികൾ, തെർമോക്കോൾ, ചെരുപ്പ് തുടങ്ങിയവ അങ്ങനെ സിമന്റ് ഫാക്ടറികളിലെ ഇന്ധനമായി. എല്ലാ മാസവും നിശ്ചിത ദിവസം വീടുകളിൽ എത്തി ഹരിതസേനാ അംഗങ്ങൾ മാലിന്യം ശേഖരിക്കും. ഇത് ക്രിസ് ഗ്ലോബലിന്റെ വാഹനത്തിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള സംസ്കരണ കേന്ദ്രത്തിൽ വേർതിരിച്ചാണ് കയറ്റി അയച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സ്ക്രാപ്പ് ഡീലർ എന്ന നിലയിൽ തിളങ്ങുമ്പോഴും പല വെല്ലുവിളികളിലൂടെയുമാണ് ക്രിസ് ഗ്ലോബൽ കടന്നുപോയത്. ജില്ലയിലെ മാലിന്യ സംസ്കരണം സംസ്ഥാനത്തിന് എങ്ങനെ മാതൃകയാക്കാം എന്ന വിഷയം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ചത് ക്രിസ്റ്റഫർ ആയിരുന്നു.
Source link


