വിഴിഞ്ഞം തുറമുഖം: നിർണായക നീക്കവുമായി അദാനി കമ്പനി, ഓഹരി കൈമാറ്റത്തിന് അനുമതി തേടി സർക്കാരിന് കത്ത് നൽകി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി അദാനി കമ്പനി കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനും വിസിൽ എം.ഡിയ്ക്കുമാണ് കത്ത്നൽകിയത്. തുറമുഖം നടത്തിപ്പ് ചുമതല വഹിക്കുന്ന അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ 49% ഓഹരികൾ സ്വിറ്റ്സർലൻഡ് കപ്പൽക്കമ്പനിയായ എം.എസ്.സിക്ക് കൈമാറാൻ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് വേണ്ട അനുമതി ആവശ്യപ്പെട്ട് കമ്പനി ഇതുവരെ സർക്കാരിനെ സമീപിച്ചിരുന്നില്ല. തുടർന്നാണ് അദാനി കമ്പനി കത്തു നൽകിയത്.
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ദാനിമായുള്ള കരാറിലെ 5(3) ചട്ടപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഉടമസ്ഥാവകാശം മാറ്റാനാവില്ല. കമ്പനി ആക്ട് പ്രകാരം 25ശതമാനത്തിനു മേൽ ഓഹരി കൈമാറിയാൽ ഉടമസ്ഥാവകാശം മാറും. രാജ്യസുരക്ഷയും പൊതുതാത്പര്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയാണ് തുറമുഖം. അതിനാൽ, കേന്ദ്ര ആഭ്യന്തര, ഷിപ്പിംഗ് മന്ത്രാലയങ്ങളുടെ അനുമതിയും വേണ്ടിവരും. മത്സരക്ഷമത ഉറപ്പാക്കൽ, നിക്ഷേപം ആകർഷിക്കൽ, ഭാവി വികസനം, സംസ്ഥാനത്തിന്റെ വരുമാന താത്പര്യം തുടങ്ങിയവയും ഉറപ്പാക്കിയേ ഓഹരി വില്പനയ്ക്ക് അംഗീകാരം നൽകാനാവൂ. തുറമുഖത്തെയും അതിനു പുറത്തെയും സൗകര്യങ്ങൾ മറ്റു കമ്പനികൾക്കും വിവേചന രഹിതമായി ഉപയോഗിക്കാനാവണം. ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തക പാടില്ല. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കമ്പനിയായ എം.എസ്.സി നമ്മുടെ തുറമുഖം ഏതെല്ലാം രീതിയിൽ ഉപയോഗിക്കുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED TOPICS: VOZHINJAM, VIZHINJAM PORT, ADANI GROUP, SHARE TRANSFER, VIZHINJAM ADANI
Source link
NEWS


