NEWS
സ്വർണത്തിൽ മോദിയുടെ ‘ഇരട്ട’ ഇംപാക്ട്; ഡിമാൻഡ് 70% ഇടിഞ്ഞു, ഇറക്കുമതിയും വീണു, കേരളത്തിൽ ‘മോദി ട്രെൻഡ് ഇല്ല’

അത്ര അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉപഭോക്താക്കളെ സ്വാധീനിച്ചോ? മോദിയുടെ ആഹ്വാനത്തിന് പിന്നാലെ കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6ൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്തിയിരുന്നു. അതിനുശേഷം ഇതുവരെ രാജ്യത്ത് സ്വർണ ഡിമാൻഡ് 70% ഇടിഞ്ഞെന്ന് ഇന്ത്യ ബുള്ള്യൻ ജ്വല്ലേഴ്സ് അസോസിയേഷൻ (ഐബിജെഎ) വ്യക്തമാക്കി. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുറയുന്നതിന് തടയിടുക ലക്ഷ്യമിട്ടായിരുന്നു മോദിയുടെ ആഹ്വാനം. ഡോളർ നൽകിയാണ് സ്വർണം ഇറക്കുമതി എന്നിരിക്കേ, വൻതോതിൽ സ്വർണം ഇറക്കുമതി ചെയ്യുന്നത് വിദേശനാണ്യ ശേഖരത്തെ ബാധിച്ചിരുന്നു. അതേസമയം, സ്വർണവില വലിയതോതിൽ കുറഞ്ഞതോടെ, ഇനിയും താഴ്ന്നേക്കാമെന്ന ഭീതിയും ഉപഭോക്താക്കൾക്കിടയിലുണ്ട്. കൈവശമുള്ള പഴയ സ്വർണം വിറ്റ് പണമാക്കാനുള്ള തിടുക്കത്തിലാണ് ജനങ്ങളെന്ന റിപ്പോർട്ടും കഴിഞ്ഞദിവസം വന്നിരുന്നു.അതേസമയം, മോദിയുടെ ആഹ്വാനത്തിന്റെ ഇംപാക്റ്റ് കേരളത്തിൽ ഇല്ലെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ മനോരമ ഓൺലൈനിനോട് പറഞ്ഞു. വില കുറഞ്ഞതിനാൽ കേരളത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഉപഭോക്താക്കൾ സ്വർണം വിറ്റ് പണമാക്കുന്ന ട്രെൻഡുമില്ല.
Source link


