NEWS

60-ാം വയസിൽ ഡോക്റാകാൻ കേണൽ മുരുകയ്യൻ

കൊച്ചി: 58 വയസായി ലഫ്റ്റനന്റ് കേണൽ ആർ. മുരുകയ്യന്. ബി.പി.സി.എൽ ചീഫ് മാനേജരുമാണ്. പക്ഷേ ഡോക്ടറാകണം. ചെറുപ്പം മുതലുള്ള മോഹമാണ്. മൂന്ന് തവണ നീറ്റ് പരീക്ഷ എഴുതി പാസായി. അവധി കിട്ടാത്തതിനാൽ എം.ബി.ബി.എസിന് ചേരാനായില്ല. വീട്ടുകാരുടെ താത്പര്യത്തിലാണ് എൻജിനിയറായത്. ഇപ്പോൾ വാശിയോടെ എല്ലാ ഇഷ്ടവിഷയങ്ങളിലും ബിരുദം വാരിക്കൂട്ടുകയാണ്.

അഞ്ച് വർഷം മുമ്പ് മകൾ ശീതളിനൊപ്പമാണ് ആദ്യം നീറ്റ് പരീക്ഷയെഴുതി പാസായത്. മകൾ എം.ബി.ബി.എസിന് ചേർന്നു.

രണ്ട് വർഷം കഴിയുമ്പോൾ വിരമിക്കും. അതുകഴിഞ്ഞ് ഡോക്ടറാകണമെന്നാണ് മോഹം. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണെങ്കിലും 36 വർഷമായി തൃപ്പൂണിത്തുറയിലാണ് താമസം. യോഗയും പഠിപ്പിക്കുന്നുണ്ട്. 1991ലാണ് ബി.പി.സി.എല്ലിൽ (കൊച്ചിൻ റിഫൈനറി) മെക്കാനിക്കൽ എൻജിനിയറായത്. 2000ൽ അടിയന്തര സാഹചര്യങ്ങളിൽ റിഫൈനറിയുടെ പ്രവർത്തനം ഏറ്റെടുക്കാനുള്ള സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തിൽ ലഫ്റ്റനന്റാക്കി. 2022ൽ സൈന്യത്തിൽ നിന്ന് വിരമിച്ചു. കോളേജ് അദ്ധ്യാപിക മാലതിയാണ് ഭാര്യ. ഏക മകൾ ആർ.എം. ശീതൾ (എം.ബി.ബി.എസ് വിദ്യാർത്ഥിനി).

 നാട്ടുകാരുടെ ഡോക്ടറാകണം

തഞ്ചാവൂരുകാർ ചികിത്സ തേടി അലയുന്നത് കണ്ടാണ് ഡോക്ടറാകണമെന്ന ആഗ്രഹം ചെറുപ്പത്തിലേ ആർ. മുരുകയ്യനിൽ ഉറച്ചത്. ആറ് കിലോമീറ്റർ നടന്നാണ് അന്ന് നാട്ടുകാർ ആശുപത്രിയിലെത്തിയിരുന്നത്. ഡോക്ടറായി നാട്ടുകാരെ സേവിക്കണമെന്നായിരുന്നു ആഗ്രഹം.

 പ്രായപരിധി തടസമല്ല

2018ൽ ഡൽഹി ഹൈക്കോടതിയിൽ അൻശുൽ അഗർവാൾ യൂണിയൻ ഒഫ് ഇന്ത്യ കേസിൽ ഉയർന്നപ്രായം എം.ബി.ബി.എസ് ബിരുദത്തിന് തടസമല്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതോടെ ദേശീയ മെഡിക്കൽ കമ്മിഷൻ 2023ൽ കുറഞ്ഞ പ്രായപരിധി 17 ആയി നിശ്ചയിക്കുകയും ഉയർന്ന പ്രായപരിധി ഒഴിവാക്കുകയും ചെയ്തു. അതിനാൽ മുരുകയ്യന് അഡ്മിഷന് തടസമില്ല.

‘പകൽ സമയമില്ലാത്തതിനാൽ രാത്രിയിൽ വൈകിയിരുന്ന് പഠിക്കുന്നതാണ് ശീലം. കൃത്യമായ ടൈംടേബിളുണ്ടാക്കും. പട്ടാളജീവിതം ഇതിന് സഹായകമായി”.

– ലഫ്. കേണൽ ആർ. മുരുകയ്യൻ


Source link
NEWS

Back to top button