TRAVEL

സഞ്ചാരികളുടെ മനംമയങ്ങും; ആമ്പൽ വസന്തത്തിൽ കടമ്പാടം പാടശേഖരം സമ്പന്നം


കടമ്പാടം പാടശേഖരം

ചങ്ങനാശേരി : കണ്ണിന് കുളിർമയേകി അഴക് വിരിച്ച് വാഴപ്പള്ളി പഞ്ചായത്തിലെ പറാൽ കടമ്പാടം പാടശേഖരത്തിൽ ആമ്പൽ വിടർന്നു. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന വിസ്മയ കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്കേറി. ചങ്ങനാശേരി മാർക്കറ്റിന് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പാടശേഖരത്തിൽ മുൻവർഷങ്ങളിലും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ആമ്പലുകൾ വിരിയാറുണ്ടായിരുന്നെങ്കിലും, ഇത്രയും വ്യാപകമായി പൂക്കൾ വിരിഞ്ഞത് ഇത്തവണയാണ്. ആമ്പൽ വസന്തം ആസ്വദിക്കാനെത്തുന്നവർക്കായി പാടശേഖരത്തിന്റെ മദ്ധ്യഭാഗത്തേക്ക് എത്തുന്നതിനും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനുമായി നാട്ടുകാർ ചെറുതും വലുതുമായ വള്ളങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴോടെയാണ് ആമ്പലുകൾ പൂർണമായി വിടരുന്നത്. പത്തോടെ പൂക്കൾ വാടിത്തുടങ്ങും. ഏകദേശം ഒരുമാസത്തോളം ആമ്പലുകൾ കാണുമെന്ന് പ്രദേശവാസികൾ പറയുന്നു.



എത്തിച്ചേരാൻ


ചങ്ങനാശേരി മാർക്കറ്റിൽ നിന്ന് നാരകത്തറ കൈനടി റൂട്ടിലൂടെ ഏകദേശം നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പറാൽ പാടശേഖരത്തിലെത്താം. ആലപ്പുഴ ഭാഗത്തുനിന്ന് എത്തുന്നവർക്ക് കിടങ്ങറ വഴി കൈനടി റൂട്ടിലൂടെ ഇവിടെ എത്തിച്ചേരാനാകും.




Source link

Back to top button