NEWS

‘ഒറ്റുകാരൻ ഉണ്ടെന്ന് അറിഞ്ഞില്ല, പ്രസംഗിച്ചത് നന്നായി’; വിവാദ ഭരണഘടനാ പ്രസംഗം വീണ്ടും അന്വേഷിക്കും?


ആലപ്പുഴ ∙ വിവാദമായ ഭരണഘടനാ പ്രസംഗത്തെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്റെ വിശദീകരണം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്. മന്ത്രിയായിരിക്കെ സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ തുടരന്വേഷണത്തിനു ഹൈക്കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണസംഘം രൂപീകരിച്ചെങ്കിലും അന്വേഷണം കാര്യമായി നടന്നില്ല. സർക്കാർ ഇടപെടലിൽ ഈ തുടരന്വേഷണം സജീവമാക്കാനാണു കോൺഗ്രസ് നീക്കം.‘ഒറ്റുകാരൻ കൂട്ടത്തിലുണ്ട് എന്നറിയാതെയാണു വിവാദമായ പ്രസംഗം നടത്തിയത്’ എന്നായിരുന്നു കഴിഞ്ഞ ദിവസം ചെങ്ങന്നൂർ വെൺമണിയിൽ നടന്ന സ്വകാര്യച്ചടങ്ങിൽ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രിയായിരിക്കെ സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പ്രസംഗം ബോധപൂർവമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ വിശദീകരണമെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ‘‘ഞാൻ നിയമം പഠിച്ച ആളാണ്. എന്താണു പറയേണ്ടത് എന്നറിയാം. പക്ഷേ, ഒറ്റുകാരൻ അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. അന്നു പ്രസംഗം നടത്തിയതു നന്നായി. ഞാൻ അതു പറഞ്ഞതിനു ശേഷം എല്ലാവരും ഈ പുസ്തകം വാങ്ങി. പലരും അതു ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു’’എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗം.


Source link

Back to top button