NEWS
ധൃതിയെന്തിനെന്ന് പ്രതിപക്ഷം, വാഗ്ദാനം പാലിക്കുന്നെന്ന് ബിജെപി: ബംഗാളിൽ ഏകീകൃത സിവിൽ കോഡ് ബിൽ വെള്ളിയാഴ്ച

കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളിൽ തന്നെ, തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു. ബജറ്റ് സമ്മേളനത്തിൽ ചർച്ചയ്ക്കെത്തുന്ന ബിൽ വെള്ളിയാഴ്ച സഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ പ്രധാന പ്രത്യയശാസ്ത്ര ചർച്ചയ്ക്കും ഇതോടെ തുടക്കമാകും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മതഭേദമന്യേ എല്ലാ പൗരന്മാർക്കും ഒരേ സിവിൽ നിയമം ബാധകമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വ്യക്തിനിയമങ്ങളും സംസ്ഥാന അധികാരവും തമ്മിലുള്ള ബന്ധം, സമത്വം, മതേതരത്വം, ഭരണഘടനാപരമായ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ബിൽ വ്യാപകമായ ചർച്ചകൾക്കു വഴിവയ്ക്കുമെന്നാണു വിലയിരുത്തൽ.പ്രകടനപത്രികയിലെ വാഗ്ദാനം എല്ലാ പൗരന്മാർക്കും ഒരേ സിവിൽ നിയമം വേണമെന്ന ദീർഘകാല നിലപാടിന്റെ ഭാഗമായാണ് ബിജെപി ബില്ലിനെ അവതരിപ്പിക്കുന്നത്. എന്നാൽ, സാമൂഹിക സമവായവും ഭരണഘടനാ സംരക്ഷണവും ഉറപ്പാക്കാതെ വിവിധ സമൂഹങ്ങളെ ബാധിക്കുന്ന ഇത്തരമൊരു നിയമം കൊണ്ടുവരാനാകുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ ‘സങ്കൽപ്പ് പത്ര’യിൽ, അധികാരത്തിലെത്തി ആറു മാസത്തിനകം ബംഗാളിൽ യുസിസി നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മതഭേദമില്ലാതെ നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന നടപടിയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഭരണഘടനാ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണപരിഷ്കാരമായാണു സർക്കാർ ബില്ലിനെ അവതരിപ്പിക്കുന്നത്. മതാധിഷ്ഠിത വ്യക്തിനിയമങ്ങളിലുള്ള അസമത്വം ഒഴിവാക്കി നിയമപരമായ തുല്യത ഉറപ്പാക്കുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, നിയമപരമായും രാഷ്ട്രീയപരമായും ബില്ലിനെ ശക്തമായി എതിർക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. പാർട്ടി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിൽ, ടിഎംസി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ബില്ലിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ നിർദേശം നൽകി. ഭരണഘടനാ ധാർമികത, സാമൂഹിക സമ്മതം, ഇന്ത്യയുടെ ബഹുസ്വരത എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഈ നീക്കം ഉയർത്തുന്നതെന്ന് അവർ പറഞ്ഞു. യുസിസിയെ നിയമപരിഷ്കാരത്തിനല്ല, രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ഉപകരണമായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ടിഎംസിയിലെ മുതിർന്ന നേതാക്കളും ആരോപിച്ചു. ‘‘പൗരന്മാരുടെ ക്ഷേമത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടിയാണോ, അതോ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ഉപകരണമായാണോ യുസിസി കൊണ്ടുവരുന്നത് എന്നതാണ് പ്രധാന ചോദ്യം’’ – ടിഎംസിയിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞു.
Source link


