BUSINESS

ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങാൻ റഷ്യ? പുട്ടിനെ ‘ചതിച്ചത്’ സെലൻസ്കിയുടെ ഡ്രോണുകൾ, ഇന്ധനക്ഷാമം അതിരൂക്ഷം?


ലോകത്തിലെ പ്രമുഖ എണ്ണയുൽപാദക രാജ്യമായിരുന്നിട്ടും റഷ്യ കടുത്ത ഇന്ധന പ്രതിസന്ധിയിൽ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോളും ഡീസലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ചിലയിടങ്ങളിൽ പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ ദൃശ്യമാണെന്നും വിവരം. റിഫൈനറികളിലേക്ക് നിരന്തരമുണ്ടാകുന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ റഷ്യയുടെ എണ്ണ ശുദ്ധീകരണശേഷി ഗണ്യമായി കുറച്ചിട്ടുണ്ട്. ക്രൂഡോയിൽ കുഴിച്ചെടുക്കാൻ കഴിയുമെങ്കിലും ഇത് ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കി മാറ്റുന്ന റിഫൈനറികളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണ് റഷ്യയ്ക്കു തിരിച്ചടിയായത്. ഇതോടെ വിദേശത്തു നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് റഷ്യ. ഇത്തരം കമ്പനികൾക്ക് നികുതി ഇളവ് നൽകാൻ റഷ്യൻ പാർലമെന്റ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ക്ഷാമം നേരിടാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ റഷ്യ ഒരുങ്ങുകയാണെന്ന് യുക്രെയ്ൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ഇന്ത്യയോ റഷ്യയോ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. ഇന്ത്യയിലെത്തിക്കുന്ന റഷ്യൻ ക്രൂഡ് ശുദ്ധീകരിച്ച ശേഷം വിവിധ പെട്രോളിയം ഉൽപന്നങ്ങളായി കയറ്റുമതി ചെയ്യാറുണ്ട്. ഇതിൽ ഒരു ഭാഗം പെട്രോൾ റഷ്യയിലേക്ക് കൊണ്ടുപോകാനാണ് നീക്കമെന്നും റിപ്പോർട്ട് തുടരുന്നു. അയൽരാജ്യമായ കസഖ്സ്ഥാനിൽ നിന്ന് പെട്രോൾ വാങ്ങാനുള്ള പദ്ധതിയുണ്ടെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. 50,000 ടൺ ക്രൂ‍ഡോയിൽ നൽകണമെന്നാണ് റഷ്യ കസഖ്സ്ഥാനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ എന്തു തീരുമാനമായെന്ന് വ്യക്തമല്ല. എന്നാൽ റഷ്യൻ ആവശ്യം കസഖ്സ്ഥാന് നിരാകരിക്കാനും ആകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യാന്തര വിപണിയിലേക്കുള്ള കസഖ്സ്ഥാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും റഷ്യൻ തുറമുഖങ്ങളിലൂടെയും പൈപ്പ് ലൈനുകളിലൂടെയുമാണ് കടന്നു പോകുന്നത്. ഇതു റഷ്യ നിർത്താൻ തീരുമാനിച്ചാൽ കസഖ്സ്ഥാൻ സാമ്പത്തികമായി വലിയ തിരിച്ചടി നേരിടും. എന്നാൽ റഷ്യയ്ക്ക് എണ്ണ നൽകാൻ തീരുമാനിച്ചാൽ യുക്രെയ്നിൽ നിന്നുള്ള ആക്രമണം നേരിടേണ്ടി വരുമെന്ന ആശങ്കയും കസഖ്സ്ഥാനുണ്ട്. റഷ്യയ്ക്കു സഹായം നൽകുന്ന ബെലാറസിന് നേരെ ഡ്രോൺ ആക്രമണമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഭീഷണി മുഴക്കിയിരുന്നു. കയറ്റുമതി നിയന്ത്രിക്കാൻ റഷ്യഅതേസമയം, ഡീസൽ കയറ്റുമതി നിരോധിക്കാൻ റഷ്യ ഒരുങ്ങുകയാണെന്നും വിവരമുണ്ട്. പെട്രോൾ, ജെറ്റ് ഇന്ധനം എന്നിവയ്ക്ക് ഇതിനോടകം തന്നെ കയറ്റുമതി നിരോധനമുണ്ട്. റഷ്യയുടെ എണ്ണശുദ്ധീകരണ ശേഷി കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കുറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ റഷ്യൻ എണ്ണക്കയറ്റുമതിയും കഴിഞ്ഞ മാസത്തേക്കാൾ 15 ശതമാനം കുറവു നേരിടുകയാണ്. യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന റിഫൈനറികളുടെ അറ്റകുറ്റപ്പണി വൈകുന്നതാണ് കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചത്.


Source link

Back to top button